തരുവണയിൽ പൊതുശൗചാലയമില്ല; യാത്രക്കാരും സ്ത്രീകളും ദുരിതത്തിൽ, പ്രക്ഷോഭത്തിനൊരുങ്ങി പൗരസമിതി
തരുവണ: വെള്ളമുണ്ട പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവും കുറ്റ്യാടി, കോഴിക്കോട്, മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രധാന ഗതാഗത സന്ധിയുമായ തരുവണ അങ്ങാടിയിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പൊതുശൗചാലയമില്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന ജംഗ്ഷനിൽ ആവശ്യത്തിന് ബസ് കാത്തിരിപ്പ് കേന്ദ്രമോ ശൗചാലയമോ ഒരുക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പാലിയാണ പൗരസമിതി കുറ്റപ്പെടുത്തി.
പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ വാഗ്ദാനമായി ഇടംപിടിക്കാറുള്ള ഈ ആവശ്യം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിസ്മരിക്കപ്പെടുകയാണ് പതിവ്. അങ്ങാടിയിൽ എത്തുന്ന യാത്രക്കാരും പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും പ്രാഥമികാവശ്യങ്ങൾക്കായി ഹോട്ടലുകളെയും മറവിടങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. മുൻ ഭരണസമിതിയുടെ കാലത്ത് പൊതുശൗചാലയത്തിനായി പത്തുലക്ഷം രൂപ വകയിരുത്തിയിരുന്നുവെങ്കിലും തുടർനടപടികൾ ഫയലിൽ ഉറങ്ങുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ (PWD) അധീനതയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം തരുവണയിൽ ലഭ്യമായിട്ടും അത് ജനകീയ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അധികാരികൾ തയ്യാറാകാത്തത് കടുത്ത അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സ്ത്രീകൾക്ക് മുലയൂട്ടൽ സൗകര്യം (ഫീഡിങ് റൂം) അടക്കമുള്ള ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിത്വമുള്ള പൊതുശൗചാലയ സമുച്ചയവും ഉടൻ നിർമ്മിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നാട്ടുകാരെയും യാത്രക്കാരെയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പാലിയാണ പൗരസമിതി മുന്നറിയിപ്പ് നൽകി.
