ബാല വിവാഹ വിരുദ്ധ പ്രതിജ്ഞയെടുത്തു
കൽപറ്റ: ബാല വിവാഹത്തിനെതിരെ വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലും യൂണിറ്റുകളിലും ശൈശവ വിവാഹ വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.ജി. പ്രവീൺ കുമാർ ഉദ്യോഗസ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ശൈശവ വിവാഹങ്ങളും നിർബന്ധിത വിവാഹങ്ങളും പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ ശൈശവ വിവാഹ മുക്തമാക്കുന്നതിനായി ‘ബാൽ വിവാഹ് മുക്ത് ഭാരത്’ എന്ന ദേശീയ ക്യാമ്പയിൻ 2024 നവംബർ 27- മുതൽ ആരംഭിച്ചിട്ടുണ്ട്.
2006-ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പെൺകുട്ടികൾക്ക് 18 വയസ്സും ആൺകുട്ടികൾക്ക് 21 വയസ്സും തികയുന്നതിന് മുൻപുള്ള വിവാഹം ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം വിവാഹങ്ങൾ നടത്തുന്നവർക്കും പ്രേരിപ്പിക്കുന്നവർക്കും പങ്കാളികളാകുന്നവർക്കും രണ്ട് വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.
കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും സുരക്ഷിതമായ ബാല്യവും ഉറപ്പുവരുത്തുന്നതിനായി ശൈശവ വിവാഹങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെയോ മറ്റ് അധികൃതരെയോ അറിയിക്കേണ്ടതാണ്.
