Feature NewsNewsPopular NewsRecent News

കർഷകരെ വേട്ടയാടുന്ന ജപ്‌തി നടപടികൾ അവസാനിപ്പിക്കണം: ആം ആദ്മി പാർട്ടി

പുൽപ്പള്ളി: വയനാട്ടിലെ കർഷകർ കടുത്ത കാർഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ബാങ്കുകളുടെ ജപ്തി നടപടികളിലൂടെ അവരെ കൂടുതൽ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം, കടുത്ത വരൾച്ച, ഉൽപ്പാദനത്തിലെ വൻ ഇടിവ്, കാർഷിക വിളകളുടെ വിലത്തകർച്ച തുടങ്ങിയ പ്രതിസന്ധികളിൽപ്പെട്ട് കർഷകർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി മേഖലകളിൽ കർഷകരുടെ വിളകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകുന്നത് മനുഷ്യത്വരഹിതവും കർഷകവിരുദ്ധവുമായ നടപടിയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

കർഷകൻ പ്രതിസന്ധിയിലാകുമ്പോൾ ജപ്തിയല്ല, സർക്കാർ സംരക്ഷണമാണ് വേണ്ടത്. കർഷകരുടെ ദുരിതകാലത്ത് പ്രഖ്യാപിക്കുന്ന മൊറട്ടോറിയം പോലും യഥാർത്ഥത്തിൽ ആശ്വാസമാകുന്നില്ല. മൊറട്ടോറിയം കാലയളവിലും പലിശയും മറ്റ് ബാധ്യതകളും വർധിപ്പിച്ച് കർഷകരെ വീണ്ടും വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുന്ന ബാങ്കിംഗ് നയം അടിയന്തരമായി തിരുത്തണം.

വൻകിട കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും കോടിക്കണക്കിന് രൂപയുടെ വായ്പാ ഇളവുകളും കടം എഴുതിത്തള്ളലുകളും നൽകാൻ തയ്യാറാകുന്ന കേന്ദ്ര സർക്കാരും ബാങ്കിംഗ് സംവിധാനവും സാധാരണ കർഷകരുടെ ചെറിയ വായ്പകൾക്ക് നേരെ പോലും ജപ്തിയുടെ വാൾ ഉയർത്തുന്നത് ഇരട്ടനീതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കർഷകരെ സംരക്ഷിക്കേണ്ട സർക്കാർ, അവരുടെ ഭൂമിയും വീടും ജപ്തി ചെയ്യാൻ ബാങ്കുകൾക്ക് അവസരം നൽകുന്നത് അംഗീകരിക്കാനാകില്ല.

കർഷകരുടെ കടങ്ങൾ പുനഃക്രമീകരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ഗുരുതരമായ കാർഷിക പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിലെ കർഷകരുടെ കാർഷിക വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. ജപ്തി നടപടികൾക്ക് സമ്പൂർണ്ണമായും നിരോധനം ഏർപ്പെടുത്തുകയും വേണം.

കർഷകരുടെ പ്രശ്നം ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം വിഷയമല്ല. കർഷകന്റെ ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടം കേരളത്തിന്റെ മണ്ണിനെയും ഭാവിയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. അതിനാൽ കക്ഷിരാഷ്ട്രീയത്തിനതീതമായി കർഷകരും ജനങ്ങളും ഒന്നിച്ചുനിൽക്കുന്ന ശക്തമായ ജനകീയ സമരം ഉയർന്ന് വരണം എന്ന് കമ്മിറ്റി അഭിപ്രായപെട്ടു.

കർഷകരെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാനും ജപ്തി നടപടികൾ അവസാനിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. അല്ലാത്തപക്ഷം കർഷകരുടെ അവകാശങ്ങൾക്കായി ശക്തമായ ജനകീയ സമരവുമായി ആം ആദ്മി പാർട്ടി മുന്നോട്ടുപോകുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

യോഗം ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ഇ.വി. തോമസ്, പീറ്റർ ചേതലയം, ആന്റണി പൂത്തോട്ടാൽ, തോമസ് ഒറ്റകുന്നേൽ, സിനി ആന്റണി, പ്രകൃതി എൻ.വി., വർഗീസ് കുരിശുവിളയിൽ, ചാക്കോ എ.എം., ഉലഹന്നാൻ മേമാട്ട്, അജി കാഞ്ഞിരക്കാട്ട്, സിനോജ് കാനാട്ട് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *