ചുരമില്ലാതെ വയനാട്ടിലേക്ക് കാടിന് മുകളിലൂടെ ആകാശപ്പാത; 6.25 കിലോമീറ്റർ പദ്ധതിയുമായി മെട്രോമാൻ ഇ. ശ്രീധരന് മുന്നിൽ പ്രതിനിധി സംഘം
മാനന്തവാടി: വടക്കൻ മലബാറിനെയും വയനാടിനെയും ബന്ധിപ്പിച്ച് വനമേഖലയ്ക്ക് മുകളിലൂടെ വിഭാവനം ചെയ്യുന്ന ‘പഴശ്ശിരാജ ചുരമില്ലാ-ആകാശപ്പാത’ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിനിധി സംഘം പ്രമുഖ എൻജിനീയറും ‘മെട്രോമാനു’മായ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. പൊന്നാനിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പദ്ധതിയുടെ സമഗ്രരൂപരേഖ സംഘം സമർപ്പിച്ചത്.
വയനാട്ടിലെ കുങ്കിച്ചിറ (കുഞ്ഞോം) മുതൽ കോഴിക്കോട് ജില്ലയിലെ പാനോം (വിലങ്ങാട്) വരെ കുഞ്ഞോം വനത്തിന് മുകളിലൂടെ ഏകദേശം 6.25 കിലോമീറ്റർ ദൈർഘ്യത്തിൽ എലിവേറ്റഡ് ഹൈവേ / വയഡക്ട് (Elevated Viaduct) നിർമ്മിച്ച് ചുരമില്ലാതെ പാത യാഥാർത്ഥ്യമാക്കുക എന്നതാണ് പഴശ്ശിരാജ ആകാശപ്പാതയുടെ കാതൽ. പദ്ധതി നടപ്പിലായാൽ വടകര–വിലങ്ങാട്–കുഞ്ഞോം–മാനന്തവാടി വഴി മൈസൂരു, ബംഗളൂരു നഗരങ്ങളിലേക്ക് നേരിട്ടുള്ള യാത്രാദൂരം ഗണ്യമായി കുറയും. വയനാട് നേരിടുന്ന ഗതാഗതക്കുരുക്കുകൾക്ക് ശാശ്വത പരിഹാരമാകുന്നതിനൊപ്പം നോർത്ത് മലബാറിന്റെ ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം, കാർഷിക വിപണി എന്നിവയ്ക്ക് ഈ ബദൽപാത പുത്തൻ ഉണർവേകും.
സംസ്ഥാന സർക്കാരിന് മുന്നിലുള്ള അതിവേഗ റെയിൽ പദ്ധതിയുമായി (High-Speed Rail) ഇതിനെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. കോഴിക്കോട്–വയനാട് മേഖലകളെ ബന്ധിപ്പിക്കുന്ന 20 കിലോമീറ്റർ തുരങ്ക റെയിൽപാത പുതിയ നിർദ്ദേശത്തിലുണ്ടെന്ന് ഇ. ശ്രീധരൻ സംഘത്തോട് വിശദീകരിച്ചു. തലശ്ശേരി, വടകര, കുറ്റ്യാടി, നാദാപുരം മേഖലകളെ വടക്കൻ വയനാടുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാത ഈ നിർദ്ദിഷ്ട റെയിൽ ശൃംഖലയ്ക്ക് പൂരകമായി മാറുമെന്നും പരസ്പര സഹായകരമായ ഗതാഗത വിപ്ലവത്തിന് ഇത് വഴിവെക്കുമെന്നും പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാങ്കേതിക വശങ്ങളും റെയിൽവേ ബന്ധവും വിശദമായി പഠിച്ച ശേഷം നിർദ്ദേശങ്ങൾ അറിയിക്കാമെന്ന് ഇ. ശ്രീധരൻ ഉറപ്പുനൽകി.
പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ചെയർമാൻ ഷൗക്കത്ത് അലി ഏരോത്ത്, ജനറൽ കൺവീനർ വിപിൻസ് മാത്യു, ജോയിന്റ് ട്രഷറർ എൻ. സൂപ്പി, തലശ്ശേരി സോൺ കൺവീനർ ബുഹാരി ബിൻ അബ്ദുൽ ഖാദിർ, വടകര സോൺ കൺവീനർ എ.എം. രമേശൻ എന്നിവരടങ്ങിയ സംഘമാണ് മെട്രോമാനെ സന്ദർശിച്ചത്.
