ഓർത്തോണം, ഒന്നിച്ചോണം, തകർത്തോണം’: തവിഞ്ഞാൽ സെന്റ് തോമസ് സ്കൂളിൽ 120 പേർ അണിനിരന്ന മെഗാ തിരുവാതിര
തവിഞ്ഞാൽ ഓണാഘോഷത്തോടനുബന്ധിച്ച് തവിഞ്ഞാൽ സെന്റ് തോമസ് യു.പി. സ്കൂളിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന 120 പേരാണ് ഒരേ താളത്തിൽ തിരുവാതിരക്കളിയിൽ ഒന്നിച്ച് അണിനിരന്നത്.
“ഓർത്തോണം, ഒന്നിച്ചോണം, തകർത്തോണം” എന്ന സന്ദേശവുമായി വിപുലമായ പരിപാടികളോടെയാണ് സ്കൂളിൽ ഇത്തവണത്തെ ഓണാഘോഷങ്ങൾ അരങ്ങേറിയത്. വെറും രണ്ടു ദിവസത്തെ ഹ്രസ്വമായ പരിശീലനം കൊണ്ടാണ് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ തിരുവാതിരക്കളി വിജയകരമായി അവതരിപ്പിക്കാൻ സാധിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
കുട്ടികളും അധ്യാപകരും അമ്മമാരും ഒന്നിച്ച് കൈകോർത്ത ഈ ദൃശ്യവിരുന്ന് പ്രദേശവാസികൾക്കും കാഴ്ചക്കാർക്കും വേറിട്ട അനുഭവമായി മാറി. നാടൻ തനിമയോടും ആവേശത്തോടും കൂടെ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും സ്കൂൾ അങ്കണത്തിൽ അരങ്ങേറി.
