Feature NewsNewsPopular NewsRecent News

ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും

.കൽപ്പറ്റ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകളും സംയുമായി സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് നാളെ (ഓഗസ്റ്റ് 24) തുടക്കമാവും. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 30 വരെ വിവിധ പരിപാടികൾ നടക്കും. വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓഗസ്റ്റ് 24 ന് രാവിലെ 11 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് നിർവഹിക്കും. ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലുകൾ, ടൂറിസം ക്ലബ്ബുകൾ, വിവിധ ടൂറിസം ഓർഗനൈസേഷനുകൾ, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ജില്ലയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തദ്ദേശീയരുടെ സഹകരണത്തോടെ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 23 ന് പൂക്കോട് തടാകം പരിസരത്ത് രാവിലെ ഏഴിന് ഓണം വിളംബര സൈക്കിൾ റൈഡും രാവിലെ എട്ടിന് ഓണം വിളംബര ബുള്ളറ്റ് റൈഡും നടക്കും. കുന്നമ്പറ്റ മിനിസ്റ്റേഡിയത്തിൽ രാവിലെ 10 ന് ഓണം വിളംബര ഫുട്ബോൾ ടൂർണ്ണമെൻ്റ് നടക്കും. ഓഗസ്റ്റ് 24 ന് രാവിലെ ഏഴിന് കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് താലൂക്ക്തല പൂക്കള മത്സരവും രാവിലെ ഒൻപതിന് മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ മാനന്തവാടി താലൂക്ക്തല പൂക്കളം മത്സരവും വടംവലിയും നടക്കും. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ ഒൻപതിന് മെഗാ തിരുവാതിരയും താലൂക്ക്തല പൂക്കള മത്സരവും നടക്കും. രാവിലെ 10 ന് കൽപ്പറ്റ മുനിസിപ്പാലിറ്റി ഓഫീസ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ഓണം വിളംബര സാംസ്കാരിക ഘോഷയാത്ര നടക്കും. രാവിലെ 11 ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഉണർവ് നാടൻ കലാസമിതി അവതരിപ്പിക്കുന്ന പകർനാട്ടം അരങ്ങേറും. വൈകിട്ട് മൂന്നിന് താലൂക്ക്തല വടംവലി, അഞ്ചിന് മെഗാ മ്യൂസിക്കൽ ഇവൻ്റ് എന്നിവ നടക്കും. ഓഗസ്റ്റ് 25 ന് രാവിലെ എട്ടിന് അമ്പലവയല്‍ ചീങ്ങേരി മലയിൽ
മാവേലിയോടൊപ്പം മലകയറ്റം പരിപാടി നടക്കും. രാവിലെ 11 ന് ഇരുളം ഗവ ഹൈസ്കൂളില്‍ 25000 ചതുരശ്ര മീറ്റർ വിസ്ത്രിതിൽ ഓണം മെഗാ പൂക്കളം തീര്‍ക്കും. ഓഗസ്റ്റ് 28 ന് ജില്ലാ വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ മീനങ്ങാടിയില്‍ ഉച്ചയ്ക്ക് രണ്ടിന് ജില്ലാതല വടംവലി മത്സരം സംഘടിപ്പിക്കും. ഓഗസ്റ്റ് 29 ന് രാവിലെ ഒൻപതിന് കർലാട് തടാകത്തിൽ സംസ്ഥാനതല കയാക്കിംഗ് മത്സരവും ചുള്ളിയോട് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് ജില്ലാതല കൈകൊട്ടിക്കളി മത്സരം, മെഗാ തിരുവാതിരയും നടക്കും. ഓഗസ്റ്റ് 29 ന് കുറുവാ ദ്വീപ് പരിസരത്ത് രാവിലെ 10 ന് ജില്ലാതല മഡ് ഫുട്ബോൾ മത്സരം നടക്കും. 12.30 ന് ഓണസദ്യയും ഉച്ചയ്ക്ക് രണ്ടിന് വിവിധ പ്രാദേശിക മത്സരങ്ങളും നടക്കും. വൈകിട്ട് അഞ്ചിന് മാനന്തവാടി താലൂക്ക്തല പരിപാടികളുടെ സമാപന ഉദ്ഘാടനം എം.എൽ.എ ഉഷ വിജയൻ നിർവഹിക്കും. തുടർന്ന് നാടൻ കലാരൂപങ്ങളുടെ പ്രദർശനവും ഉണ്ടാവും. ഓഗസ്റ്റ് 30 ന് അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ ഓണപരിപാടികളുടെ സമാപനം, സാംസ്കാരിക ഘോഷയാത്ര, ജില്ലാതല സമാപന ഉദ്ഘാടനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *