Feature NewsNewsPopular NewsRecent News

മണ്ണിടിച്ചിൽ:മേഖല യിൽ ശാസ്ത്രീയ-നിയമ പരിശോധനനടത്തും:മുഖ്യമന്ത്രി വി.ഡി സതീശൻ

കൽപറ്റ:കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് ശാസ്ത്രീയ-നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. തുരങ്കപാത നിർമാണത്തിനായി കേന്ദ്ര സർക്കാ‍‍ർ നൽകിയ പാരിസ്ഥിതി അനുമതിയിലെ കർശന വ്യവസ്ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നതു വരെ കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതാ നിർ‍മാണം ഇരുവശങ്ങളിലും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അന്വേഷണത്തിനുള്ള വിദഗ്ധ സമിതിയെ ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേരെ കണ്ടെത്തുന്നതിന് എന്‍.‍ഡി. ആര്‍. എഫ്, എസ്.‍ഡി.ആര്‍.എഫ്, പോലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല് സോണുകളായുള്ള തിരച്ചിലിനാണ് നിലവില്‍ പ്രഥമ പരിഗണന നൽകുന്നത്. കാണാതായവർ‍ക്കായി ഇന്ന് (ജുലൈ 9) മീനാക്ഷിപുഴയിലും പരിശോധന നടത്തും. കള്ളാടിയിൽ നടന്നത് ഒറ്റപ്പെട്ട അപകടമാണെന്നും ജില്ലയെ ഒന്നടങ്കം ബാധിച്ചുവെന്ന തരത്തിൽ പ്രചാരണം നടത്തരുതെന്നും അത്തരം പ്രചാരണങ്ങൾ ജനങ്ങളുടെ തൊഴിലിനെയും ജീവിതത്തെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകട പ്രദേശത്തുള്ള മുഴുവന്‍ ആളുകളെയും ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പില്‍ പുനരധിവസിപ്പിച്ചവരുടെ ആശങ്കകൾ പരിഹരിക്കുമെന്നും പ്രദേശത്ത് വീണ്ടും പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവ‍രെ പുനരധിവസിപ്പിക്കും. തുരങ്കപാതാ നിർമാണ കരാറുകാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.

അപകടത്തില്‍ ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബാം നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ഇന്നു നടന്ന തിരച്ചിലിൽ മൃതദേഹങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അപകടത്തിൽ പൊലീസ് എഫ്.ഐ.ആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ അപകടസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നരെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സംയുക്തമായി പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രിമാരായ എ.പി അനില്‍കുമാര്‍ അഡ്വ ടി. സിദ്ദീഖ്, എം.എല്‍.എ ഐ.സി ബാലക‍്യഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *