പഞ്ചാരക്കൊല്ലിയിലെ വന്യജീവി ശല്യം: ഇന്ന് ഡി.എഫ്.ഒയുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരും I
പഞ്ചാരക്കൊല്ലി: പഞ്ചാരക്കൊല്ലി ജനവാസ
മേഖലയിലെ കാട്ടുപോത്ത് ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഇന്ന് (ഒക്ടോബർ 13) ഉച്ചയ്ക്ക് 2 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (ഡി.എഫ്.ഒ) സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരുമെന്ന് ബേഗൂർ റേഞ്ച് ഓഫീസർ അറിയിച്ചു. ഇന്നലെപഞ്ചാരക്കൊല്ലിയിൽ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.ഇന്നലെ രാവിലെ പത്ത് മണിയോടെ പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിലും സമീപത്തെ തേയിലത്തോട്ടത്തിലും ആറോളം കാട്ടുപോത്തുകൾ ഇറങ്ങിയിരുന്നു. തോട്ടത്തിൽ ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾ സമയബന്ധിതമായി മാറി സഞ്ചരിച്ചതിനാൽ വൻ അപകടം ഒഴിവായി. മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണെന്നും മുൻപ് സ്കൂൾ ബസിന് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായിട്ടും വനം വകുപ്പ് മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപിച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം നാട്ടുകാർ ബേഗൂർ റേഞ്ച് ഓഫീസ് ഉപരോധിക്കുകയായിരുന്നു.
പ്രതിഷേധക്കാരുമായി റേഞ്ച് ഓഫീസർ നടത്തിയ ചർച്ചയിൽ, ഇന്ന് നടക്കുന്ന ഡി.എഫ്.ഒ തല യോഗത്തിൽ പ്രശ്നത്തിന് സ്ഥിരപരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉറപ്പുനൽകി. ഈ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ഉപരോധ സമരം താൽക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്. വന്യജീവി ശല്യത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും വനം വകുപ്പ് സ്വീകരിക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു
