പൂതാടി പഞ്ചായത്തിൽ അവിശ്വാസപ്രമേയം നാളെ; രാഷ്ട്രീയം ഉറ്റുനോക്കി ബത്തേരി
ബത്തേരി: പൂതാടി പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ (ബുധനാഴ്ച) ചർച്ച ചെയ്യും. യു.ഡി.എഫ്- 10, എൽ.ഡി.എഫ്- 10, ബി.ജെ.പി- 3 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസപ്രമേയത്തിൽനിന്ന് വിട്ടുനിൽക്കാനാണ് ബി.ജെ.പി തീരുമാനിച്ചിട്ടുള്ളത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ ആർക്കാണ് ഭരണം കിട്ടുകയെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. എൽ.ഡി.എഫിലെ ഇ.എ. ബാലകൃഷ്ണനാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്. തെരഞ്ഞെടുപ്പിനുശേഷം നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് ഇടതുപക്ഷത്തിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം 10-10 എന്ന നിലയിൽ വന്നതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് അംഗം വൈസ് പ്രസിഡന്റാവുകയായിരുന്നു. ഇതിനിടെ സി.പി.എമ്മിലെ രണ്ട് അംഗങ്ങൾ പാർട്ടിയുമായി തെറ്റിയതോടെ യു.ഡി.എഫിന് പ്രതീക്ഷ കൈവരികയും മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്തു. ഇപ്പോൾ സി.പി.എമ്മിലെ രണ്ട് അംഗങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചാണ് യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിട്ടുള്ളത്. സി.പി.എം അംഗങ്ങൾ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്താൽ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. എ.വി. ജയൻ, പ്രസാദ് എന്നിവരാണ് സി.പി.എമ്മിലെ വിമത മെംബർമാർ. ഇവർ യു.ഡി.എഫുമായി ധാരണയിലെത്തിയെന്നാണ് പ്രദേശത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. വിമതരിലൊരാൾക്ക് വലിയ സ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവരായതിനാൽ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ ജയനും പ്രസാദിനും സാധിക്കില്ല. വിപ്പ് ലംഘിച്ച് വോട്ട് ചെയ്താൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളുണ്ടാകും. എന്നാൽ കേസും നടപടികളും നീണ്ടുപോയി, അയോഗ്യത വരുന്നത് വരെ മെംബർമാരായി തുടരാനുള്ള സാഹചര്യവുമുണ്ട്. അതേസമയം, ഭരണം പിടിക്കാൻ യു.ഡി.എഫ് ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. തിങ്കളാഴ്ച രാത്രിയോടെ യു.ഡി.എഫ് മെംബർമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് വിവരം. നാളെ അവിശ്വാസപ്രമേയത്തിന് തൊട്ടുമുമ്പ് ഇവരെ പഞ്ചായത്തിലെത്തിക്കാനാണ് നീക്കം. വൈസ് പ്രസിഡന്റിനെതിരെയും യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് ഈ മാസം 26-നാണ് ചർച്ചക്കെടുക്കുക
