കളഞ്ഞുകിട്ടിയ പേഴ്സും പണവും തിരികെ നൽകി മാതൃകയായി ഫഹ്മി
കല്ലോടി: കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക്
തിരികെ ലഭിക്കാൻ സഹായിച്ച് സത്യസന്ധതയുടെ മാതൃകയായി സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കല്ലോടിയിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥി മുഹമ്മദ് ഫഹ്മി. ഫഹ്മിയുടെ സൽപ്രവൃത്തിയെ സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകരും സഹപാഠികളും ചേർന്ന് അനുമോദിച്ചു.കല്ലോടി ടൗണിൽനിന്നാണ് അനീഷ് എന്ന വ്യക്തിയുടെ പേഴ്‌സ് ഫഹ്മിക്ക് ലഭിച്ചത്. പേഴ്സ് സ്വന്തമായി കൈവശം വയ്ക്കാതെ സമീപത്തെ ജനസേവന കേന്ദ്രത്തിൽ ഏൽപ്പിക്കുകയായിരുന്നു. ജനസേവന കേന്ദ്രം മുഖേന പേഴ്‌സും പണവും ഉടമയായ അനീഷിന് തിരികെ ലഭിച്ചു. പണം നഷ്പ്പെട്ട അനീഷ് സ്കൂളിലെത്തി ഫഹ്മിക്ക് സമ്മാനങ്ങൾ നൽകി നന്ദി അറിയിച്ചു. വിദ്യാർഥിയുടെ സത്യസന്ധതയും മാതൃകാപരമായ പ്രവർത്തനവും സ്കൂളിന് അഭിമാനമാണെന്ന് പ്രിൻസിപ്പൽ ബ്രിജേഷ് ബാബു പറഞ്ഞു.
സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച ഫഹ്മിയുടെ പ്രവർത്തനം വിദ്യാർഥികൾക്ക് മാത്രമല്ല, സമൂഹത്തിനാകെ മാതൃകയാണ്.
ദ്വാരക നുച്ചിയൻ ജാഫറിന്റെയും നജ്മയുടെയും മകനാണ്.
