മേപ്പാടി ഉരുൾപൊട്ടൽ ദുരിതാശ്വാസ ക്യാമ്പിൽ കുടുംബശ്രീ കരുതൽ
മേപ്പാടി : മേപ്പാടി കള്ളാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതർക്ക് ആശ്വാസമായി കുടുംബശ്രീ. കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ അടിയന്തര സഹായങ്ങൾ ലഭ്യമാക്കിയതായി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.
കുടുംബശ്രീ സിഡിഎസിൻ്റെയും എഡിഎസിൻ്റെയും നേതൃത്വത്തിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനുംവേണ്ട ഇടപെടലുകൾ നടത്തി വരുന്നു.ദുരന്തബാധിതരെ മാറ്റിപ്പാർപ്പിച്ച മേപ്പാടി ഗവൺമെൻ്റ് പോളി ടെക്നിക് കോളേജിലെ കമ്മ്യൂണിറ്റി കിച്ചണിലും കുടുംബശ്രീ പ്രവർത്തകർ സഹായമായി രംഗത്തുണ്ട്.
ക്യാമ്പിലെ ഭക്ഷണ വിതരണത്തിനും, പാചകം ചെയ്യുന്നതിനുമായി സിഡിഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലെ ശുചീകരണത്തിനും, മാലിന്യ നിർമ്മാർജ്ജനവും ഹരിതകർമസേനയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.
മേപ്പാടി പോളി ടെക്നിക്കിൽ ക്യാമ്പ് ആരംഭിച്ചത് മുതൽ കുടുംബശ്രീ ഹരിതകർമസേന അംഗങ്ങളും, കുടുംബശ്രീ പ്രവർത്തകരും സജീവമായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു.
ക്യാമ്പിലുള്ളവർക്ക് മാനസിക പിന്തുണ നൽകാനും, ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും, അവശ്യ സഹായങ്ങൾ ഉറപ്പുവരുത്താനും കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിലുള്ള കമ്മ്യൂണിറ്റി കൗൺസിലർമാരുടെ സേവനങ്ങൾ ലഭ്യമാണ്.
വീടുകളിൽ കഴിയുന്ന ദുരന്തബാധിതർക്ക് ആവശ്യ സാധനങ്ങളും, ഭക്ഷണവും എത്തിക്കുന്നതിനും കുടുംബശ്രീ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്.
ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ, ജില്ലാ പ്രോഗ്രാം മാനേജർ പി. കെ സുഹൈൽ, സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ മേപ്പാടി പോളി ടെക്നിക്കിലെ ക്യാമ്പ് സന്ദർശിച്ച് കുടുംബശ്രീ പ്രവർത്തകർക്കുവേണ്ട നിർദേശങ്ങൾ നൽകി.
