Event More NewsFeature NewsNewsPoliticsPopular NewsRecent News

മാനന്തവാടി കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

മാനന്തവാടി: നവരാത്രി ആഘോഷങ്ങളുടെ നിറവിൽ മാനന്തവാടി കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രം. വയനാട് ജില്ലയിലെ ഏക നവഗ്രഹ ക്ഷേത്രമെന്ന പ്രത്യേകതയുള്ള ഇവിടെ ജില്ലയിൽ ഏറ്റവും വിപുലമായ നവരാത്രി ആഘോഷങ്ങളിലൊന്നാണ് നടക്കുന്നത്. ഞായറാഴ് വിവിധ പൂജകളോടെ ആരംഭിച്ച ഉത്സവത്തിന് വരുംദിവസങ്ങളിൽ വൈവിധ്യമാർന്ന ചടങ്ങുകളും കലാപരിപാടികളും അരങ്ങേറും.വൈകീട്ട് ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച വിളംബരറാലി നഗരപ്രദക്ഷിണം നടത്തി ക്ഷേത്രത്തിൽ സമാപിച്ചു. തന്ത്രി വടക്കേ കോറമംഗലം കൃഷ്‌ണൻ നമ്പൂതിരി നവരാത്രിയുത്സവത്തിന് കൊടിയേറ്റി. എല്ലാ ദിവസവും പതിവ് പൂജകൾക്കു പുറമേ ചൊവ്വാഴ്ച മുതൽ ഉത്സവം സമാപിക്കുന്നതുവരെ ഉച്ചയ്ക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ 16ന് വൈകീട്ട് നാലിന് സുമംഗലീപൂജ നടക്കും. 18ന് വൈകീട്ട് നാലിന് ഗ്രന്ഥംവെപ്പും രാത്രി ഏഴിന് സാംസ്ക‌ാരിക സമ്മേളനവും നടക്കും. മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉഷാ വിജയൻ എം.എൽ.എ. മുഖ്യാതിഥിയാകും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.

ദുർഗാഷ്ടമി ദിനമായ 19ന് വൈകീട്ട് 5.30ന് താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിൽനിന്ന് എരുമത്തെരുവിലെ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിലേക്ക് താലപ്പൊലിയുടെ അകമ്പടിയോടെ കരകം എഴുന്നള്ളിപ്പ് നടക്കും. രാത്രി 7.30ന് കലാപരിപാടികളും 9.30ന് ഗാനമേളയും ഉണ്ടായിരിക്കും.

മഹാനവമി ദിനത്തിൽ വൈകീട്ട് നിറമാല, ആയുധപൂജ, വാഹനപൂജ എന്നിവ നടക്കും. തുടർന്ന് ക്ഷേത്രത്തിലേക്ക് മാവിളക്ക് വരവേൽപ്പും ഒരുക്കിയിട്ടുണ്ട്. രാത്രി 7.30ന് സിനിമാറ്റിക് ഡാൻസും 9.30ന് ഗാനമേളയും അരങ്ങേറും.

വിജയദശമി ദിനമായ 21ന് രാവിലെ ഏഴുമുതൽ ക്ഷേത്രം മേൽശാന്തി അരുൺ ശർമയുടെ നേതൃത്വത്തിൽ വിദ്യാരംഭച്ചടങ്ങുകൾ നടക്കും. കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വൈകീട്ട് ചിറക്കൽ കാളിദാസൻ, മരുതൂർകുളങ്ങര മഹാദേവൻ എന്നീ ഗജരാജന്മാരുടെ അകമ്പടിയോടെ രഥഘോഷയാത്ര നടക്കും. പുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പ്ലോട്ടുകൾ ഘോഷയാത്രയ്ക്ക് വർണാഭമായ കാഴ്‌ചയാകും. മാരിയമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം എഴുന്നള്ളത്ത് അമ്പുകുത്തിയിലെത്തും. ഇവിടെ വാഴവെച്ച് അതിൽ അമ്പുകുത്തി ഒറ്റച്ചെണ്ടയടിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങും. വാഴയിൽ അമ്പുകുത്തുന്ന ചടങ്ങ് ദേവി മഹിഷാസുരനെ നിഗ്രഹിക്കുന്നതിന്റെ പ്രതീകമായാണ് ആചരിക്കുന്നത്.

ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് നിഥീഷ് ലോകനാഥൻ, സെക്രട്ടറി വി.സി. ജ്യോതിഷ്, ക്ഷേത്ര സമുദായക്കമ്മിറ്റി പ്രസിഡൻ്റ് എം.ജി. അനിൽകുമാർ, സെക്രട്ടറി എം.ആർ. അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *