സമ്പൂർണ്ണ ഇമാലിന്യമുക്ത ജില്ലാ പ്രഖ്യാപനം ഓക്ടോബർ രണ്ടിന് മന്ത്രി ടി സിദ്ദീഖ് നിർവഹിക്കും
കൽപ്പറ്റ: വയനാടിനെ സമ്പൂർണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ലയായി ഓക്ടോബർ രണ്ടിന് പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് പറഞ്ഞു. സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഇമാലിന്യ ശേഖരണ യജ്ഞം സംബന്ധിച്ച് കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായി മാതൃകാപരമായ ദൗത്യത്തിനാണ് ജില്ല തുടക്കം കുറിക്കുന്നത്. ഒക്ടോബർ രണ്ടിന് ഇലക്ട്രോണിക് മാലിന്യ മുക്ത സ്ഥാപനങ്ങൾ എന്ന ഒന്നാം ഘട്ട പ്രഖ്യാപനം നടക്കും. ഇതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതത് തദ്ദേശ പരിധിയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ഇ മാലിന്യങ്ങൾ ശേഖരിക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകി. ഹരിതകർമ്മസേന ഉൾപ്പെടെ എല്ലാവർക്കും മാലിന്യ ശേഖരണ ദൗത്യത്തിൽ നിശ്ചിത വരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് നഗരസഭാ തലത്തിലുള്ള ഇ മാലിന്യമുക്ത, പ്ലാസ്റ്റിക് രഹിത പ്രഖ്യാപനം വിപുലമായ ഒരുക്കങ്ങളിലൂടെ പൂർത്തിയാക്കണം. രാഷ്ട്രീയ പാർട്ടികൾ, യുവജനസാമുദായികമത സംഘടനകൾ, റിസോർട്ടുകൾ, മറ്റ് സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റസിഡൻഷൽ അസോസിയേഷനുകൾ തുടങ്ങി എല്ലാവരെയും ദൗത്യത്തിൽ പങ്കാളികളാക്കും. നവംബർ ഒന്നിന് സമ്പൂർണ്ണ ഇമാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.
ജില്ലയെ മാതൃകാപരമായി മുൻപന്തിയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളാണ് സമ്പൂർണ്ണ ഇ മാലിന്യമുക്ത ക്യാമ്പയിൻ. ഉപയോഗശേഷം വലിച്ചെറിയുന്ന ട്യൂബുകൾ, സിഎഫ് എല്ലുകൾ, ബാറ്ററികൾ അടക്കമുള്ള എല്ലാത്തരം ഇലക്ട്രോണിക് മാലിന്യങ്ങളും മണ്ണിലും ജലത്തിലും വലിയ തോതിൽ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നത് തടയാൻ ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ താലൂക്കടിസ്ഥാനത്തിൽ കളക്ഷൻ സെന്ററുകൾ മുഖേന ശേഖരിക്കും. ജില്ലയിൽ സംഘടിപ്പിക്കുന്ന മാലിന്യ ശേഖരണ ക്യാമ്പയിനിലൂടെ പൊതുജനങ്ങളുടെ കൈവശമുള്ള ഉപയോഗ ശൂന്യമായ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ എല്ലാ ജനങ്ങളും യജ്ഞത്തിൽ പങ്കാളികളാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.
ഓക്ടോബർ രണ്ടിന് കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേരുന്ന സമ്പൂർണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ലാ പ്രഖ്യാപനത്തിൽ ജില്ലയിലെ ഹരിതകർമ്മ സേനാംഗങ്ങളെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആദരിക്കും. കൂടാതെ ഇമാലിന്യമുക്ത യജ്ഞത്തിൽ പങ്കാളികളായ മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും സിവിൽ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെയും മന്ത്രി ആദരിക്കും. മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ജില്ലാ കളക്ടർ വി. ചെൽസസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി.മജീദ്, ജില്ലാ പ്ലാനിങ് ഓഫീസർ എം കമാലുദ്ദീൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറിയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജാസർ പാലക്കൽ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീർ കെ. അനൂപ്, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
