വാഴത്തോട്ടം നശിപ്പിച്ച സംഭവം: പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിന് കൃഷിമന്ത്രിയുടെ നിർദ്ദേശം
കൽപ്പറ്റ: മുട്ടിൽ ചിലഞ്ഞിച്ചാലിൽ സാമൂഹ്യവിരുദ്ധർ 1300ലധികം വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്. ചിലഞ്ഞിച്ചാൽ പാറെപറമ്പിൽ ജയിംസിന്റെയും കൊരലാടി ദേവകുമാറിന്റെയും കൃഷിയിടം സന്ദർശിച്ച മന്ത്രി കർഷകരിൽ നിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വയനാട് ജില്ലാ പൊലീസ് മേധാവിയെയും ഡിവൈഎസ്പിയെയും ഫോണിൽ വിളിച്ച് കർശന നിർദ്ദേശം നൽകുകയായിരുന്നു. സാധാരണ കേസായി കാണാതെ സ്പെഷ്യൽ കേസായി പരിഗണിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.പാട്ടത്തിനെടുത്ത ഭൂമിയിൽ വായ്പയെടുത്തും മറ്റ് സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയും കൃഷിയിറക്കിയ ഇരുവരുടെയും തോട്ടത്തിലെ ഏകദേശം 3000 വാഴകളിൽ 1300ലധികം എണ്ണമാണ് മൂർച്ചയുള്ള ആയുധം ഉള്ളിലേക്ക് ആഴത്തിൽ കുത്തിയിറക്കി നശിപ്പിച്ചത്. വാഴകൾ കുലയ്ക്കുന്നതിന് മുമ്പുതന്നെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കർഷകരുടെ ഉപജീവനമാർഗത്തെയും വലിയ സാമ്പത്തിക നിക്ഷേപത്തെയും തകർക്കുന്ന ഇത്തരം അതിക്രമങ്ങൾ ഒരിക്കലും പൊറുക്കാൻ കഴിയുന്നതല്ലെന്നും കർഷകന്റെ വേദന മനസ്സിലാക്കാത്തവർ ചെയ്ത ശുദ്ധ തെമ്മാടിത്തമാണിതെന്നും മന്ത്രി വ്യക്തമാക്കി. ചോരയും നീരും കളഞ്ഞ് കർഷകർ നടത്തിയ അധ്വാനത്തിന്റെ കടയ്ക്കലാണ് സാമൂഹ്യവിരുദ്ധർ കത്തിവെച്ചിരിക്കുന്നതെന്നും ഒരു കാരണവശാലും പ്രതികൾ രക്ഷപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.തന്റെ നിർദ്ദേശപ്രകാരം നേരത്തെ സംഭവസ്ഥലം സന്ദർശിച്ച പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ റിപ്പോർട്ട് ലഭിച്ച ഉടൻ കൃഷി വകുപ്പും തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കർഷകരുടെ വേദനയും പ്രയാസവും നേരിട്ട് മനസ്സിലാക്കിയ മന്ത്രി അവർക്ക് നീതി ലഭ്യമാക്കുമെന്നും ഉറപ്പുനൽകി
