സ്പീക്ക് അപ് ബോധവൽക്കരണ ക്ലാസും പരിശീലനവും
കൽപറ്റ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുറന്നു പറയാൻ ധൈര്യവും ആർജവവും വേണമെന്ന് കൽപറ്റ ഡിവൈഎസ്പി ടി.എ. അഗസ്റ്റിൻ. വയനാട് പോലീസ് സോഷ്യൽ പോലീസിങ് വിഭാഗവും കൽപറ്റ സബ് ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച ‘ സ്പീക്ക് അപ്’ ബോധവൽക്കരണ ക്ലാസും പരിശീലനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഗീത എൻ.പി. പരിശീലന ക്ലാസ് നയിച്ചു. വയനാട് സോഷ്യൽ പോലീസിങ് വിഭാഗം എ.ഡി.എൻ.ഒ. കെ.എൻ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ. എ.വി. ജലീൽ, കൽപറ്റ സി.ഡി.എസ് ചെയർപേഴ്സൺ ടി. സഫിയ, കമ്യൂണിറ്റി കോർഡിനേറ്റർ വിശാലാക്ഷി, എസ്.സി.പി.ഒമാരായ
ടി.കെ. ദീപ, കമറുദ്ധീൻ, സി.പി.ഒ സിയാദ് സൽമാൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ വിവിധ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ഗാർഹിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുക, അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സമയബന്ധിതമായ ഇടപെടലും ആവശ്യമായ സഹായവും ഉറപ്പാക്കുക, അതിജീവിതർക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിതമായി ലഭ്യമാക്കുക, നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്
