സേഫ് വിതിൻ:ബത്തേരിശ്രേയസിൽശിൽപശാലനടത്തി
സുല്‍ത്താന്‍ ബത്തേരി: കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന്
ഡെപ്യൂട്ടി കളക്ടറും ജില്ലാ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ വര്‍ഗീസ് കുര്യന്‍.
മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബത്തേരി ശ്രേയസ്, കോഴിക്കോട് ജീവന, താമരശേരി സിഒഡി എന്നിവയുടെ സഹകരണത്തോടെ കാരിത്താസ് ഇന്ത്യ നടപ്പാക്കുന്ന ‘സേഫ് വിതിന്‍-റീ കണക്ട് വയനാട് ആന്‍ഡ് വിലങ്ങാട്’ പദ്ധതിയുടെ ഭാഗമായി ശ്രേയസില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തസാധ്യത കുറയ്ക്കല്‍, കാലാവസ്ഥാവ്യതിയാന പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നീ വിഷയങ്ങളിലായിരുന്നു ശില്‍പശാല. ജില്ലയിലെ ദുരന്തസാധ്യതകള്‍, ജില്ലാ ദുരന്ത നിവാരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം, മുന്നറിയിപ്പ് സംവിധാനങ്ങള്‍, ദുരന്ത മുന്നൊരുക്കം, അടിയന്തര പ്രതികരണം, വിവിധ ഏജന്‍സികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
എല്‍എജി വയനാട് കണ്‍വീനറും ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഫാ.ഡേവിഡ് ആലിങ്കല്‍ അധ്യക്ഷത വഹിച്ചു. ശ്രേയസ് പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി, പ്രോജക്ട് മാനേജര്‍ കെ.പി. ഷാജി, കെഎസ്എസ്എഫ് കോ-ഓര്‍ഡിനേറ്റര്‍ സാജോ ജോയ് എന്നിവര്‍ പ്രസംഗിച്ചു.
കാലാവസ്ഥാവ്യതിയാന പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട സാങ്കേതിക സെഷന് കാരിത്താസ് ഇന്ത്യ നാഷണല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും ക്ലൈമറ്റ് ജസ്റ്റീസ് ലീഡുമായ ഡോ.വി.ആര്‍. ഹരിദാസ് നേതൃത്വം നല്‍കി.
പദ്ധതി നിര്‍വഹണത്തില്‍ കാരിത്താസ് ഇന്ത്യയുമായി സഹകരിക്കുന്ന സന്നദ്ധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍, പ്രോജക്ട് ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ശില്‍പശാലയില്‍ ദുരന്ത മുന്നൊരുക്കം, കാലാവസ്ഥാവ്യതിയാനം, സമൂഹാധിഷ്ഠിത ദുരന്തസാധ്യത കുറയ്ക്കല്‍, അടിയന്തര പ്രതികരണം, വിവിധ ഏജന്‍സികളുടെഏകോപനം തുടങ്ങിയ വിഷയങ്ങളില്‍ അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവച്ചു. ചര്‍ച്ചയ്ക്ക് കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് പ്രോഗ്രാം അസോസിയേറ്റ് അബീഷ് ആന്റണി നേതൃത്വം നല്‍കി.
