Feature NewsNewsPopular NewsRecent News

മൗണ്ടൈൻ എക്കോളജി കോൺഗ്രസിന്റെ ഭാഗമായി മൗണ്ടൈൻ ട്രയലിനു അവസരമൊരുക്കുന്നു.

കൽപ്പറ്റ : “മലനിരകളിലെ ജീവിതത്തെയും ഉപജീവനമാർഗങ്ങളെയും പുനർവിഭാവനം ചെയ്യുക” എന്ന പ്രമേയത്തിൽ മൗണ്ടൻ ഇക്കോളജി കോൺഗ്രസ് 2026 ഡിസംബർ 10 മുതൽ 12 വരെ പൂക്കോട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ (KVASU) നടക്കും. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയും സംയുതമായി നടത്തുന്ന
കോൺഗ്രസിന്റെ ഭാഗമായി, ‘ബയി’ (BAYI) എന്ന പേരിൽ വയനാടൻ മലനിരകളിലൂടെ ഗൈഡഡ് ട്രെയിലുകൾ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 11, 12 തീയതികളിലാണ് ഈ യാത്രകൾ നടക്കുക.മലനിരകളിലെ കാലാവസ്ഥ പ്രശ്നങ്ങൾ അനുഭവിച്ചറിയാനും ഇതിലൂടെ അവസരം ലഭിക്കും.ഉച്ചവരെ വരെയുള്ള നാല് ട്രെയിലുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

  1. ചെമ്പ്ര ട്രെയിൽ
    മേപ്പാടിക്ക് സമീപമുള്ള 2,100 മീറ്റർ ഉയരത്തിലുള്ള മലനിരയാണ് ചെമ്പ്ര. തോട്ടം മേഖലയിലെ ചരിത്രം, 1961 ജൂലൈയിലെ ഉരുൾപൊട്ടൽ, മലനിരകളിലെ പുൽമേടുകൾ, മലഞ്ചെരുവുകളിൽ അധിവസിക്കുന്ന തൊഴിലാളികളുടെ ജീവിതം എന്നിവയാണ് യാത്രയിൽ മനസിലാക്കാൻ കഴിയുക.
  2. മണിക്കുന്നുമല ട്രെയിൽ
    തൃക്കൈപ്പറ്റയ്ക്ക് സമീപമുള്ള മണിക്കുന്നുമലയിലൂടെയാണ് ഈ യാത്ര. അവശിഷ്ട കുന്നുകൾ (Residual Hills) രൂപപ്പെടുന്ന പ്രക്രിയ, മലനിരകളിലെ ജൈവവൈവിധ്യം, നീർത്തടമെന്ന നിലയിലുള്ള പ്രാധാന്യം, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ അവസരമൊരുക്കും.
  3. ബാണാസുര മലനിരകളിലൂടെയുള്ള ട്രെയിൽ
    വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2,073 മീറ്റർ ഉയരമുള്ള ബാണാസുര മലനിരകളിലൂടെയാണ് ഈ യാത്ര. 1979-ൽ നിർമിച്ച ബാണാസുര സാഗർ അണക്കെട്ട്, പ്രദേശത്തെ ചിത്രശലഭങ്ങളുടെ വൈവിധ്യം, മലഞ്ചെരുവുകളിലെ മണ്ണൊലിപ്പ്, അവശിഷ്ടങ്ങളുടെ നീക്കം എന്നിവയാണ് പഠനവിഷയങ്ങൾ.
  4. ചൂരൽമല ട്രെയിൽ
    വെള്ളരിമല മേഖലയിലെ ചൂരൽമലയിലൂടെ ഏകദേശം 1,620 മീറ്റർ ഉയരത്തിലേക്കാണ് ഈ യാത്ര. 2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും പ്രഭവകേന്ദ്രമായ പ്രദേശമാണിത്. ദുരന്തത്തിന്റെ കാരണങ്ങൾ, അതിനുശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ, ഭാവിയിൽ ഇത്തരം ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് യാത്രയിൽ മനസ്സിലാക്കാം. ദുരന്തത്തിൽ നിന്ന് ഇപ്പോഴും കരകയറിക്കൊണ്ടിരിക്കുന്ന പ്രദേശത്തെ ജനങ്ങളോട് ആദരവോടെയും മാന്യതയോടെയും പെരുമാറണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
    രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ ആരംഭിക്കുന്ന ട്രെയിലുകൾ ഉച്ചയ്ക്ക് 12.30-ഓടെ അവസാനിക്കും. ഓരോ ട്രെയിലിലും ഒരു ദിവസം പരമാവധി 15 പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഓരോ ട്രെയിലിനും പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമാണ്. രജിസ്ട്രേഷൻ: www.processualmountains.com
    കൂടുതൽ വിവരങ്ങൾക്ക്:
    ഫോൺ: 96451 26025
    ഇ-മെയിൽ: mountainecologycongress@gmail.com

Leave a Reply

Your email address will not be published. Required fields are marked *