ലോക തപാൽ ദിനാചരണം നടത്തി
ബത്തേരി: സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക തപാൽ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പതിവായി കത്തുകളുമായെത്തുന്ന പോസ്റ്റ്‌മാൻ ഷാജുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ദിലിൻ സത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പോസ്റ്റ്മാൻ ഷാജു ഉദ്ഘാടനം ചെയ്തു. തപാൽ സേവനങ്ങളുടെ ചരിത്രം, തപാൽ മേഖലയിലെ ആധുനിക സംവിധാനങ്ങൾ, തപാൽ വകുപ്പിന്റെ വൈവിധ്യവത്കരണം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
ചടങ്ങിൽ വളണ്ടിയർ ലീഡർ സാജിത ഷെറിൻ സ്വാഗതവും വളണ്ടിയർ ലീഡർ മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു. മനോജ് സി.കെ., ശ്രീമതി സിന്ധു ഡി.കെ., ആൽവിൻ എന്നിവർ ആശംസകൾ നേർന്നു. ദിനാചരണത്തിൻ്റെ ഭാഗമായി വളണ്ടിയർമാർ സ്റ്റാമ്പ് ശേഖരണ പ്രദർശനവും സംഘടിപ്പിച്ചു.
തുടർന്ന് വിദ്യാർഥികൾ സുൽത്താൻ ബത്തേരി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും സുഹൃത്തുക്കൾക്ക് സ്നേഹസന്ദേശങ്ങൾ ഉൾപ്പെടുത്തിയ കത്തുകൾ അയക്കുകയും ചെയ്‌തു. പോസ്റ്റ്മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. തപാൽ ഓഫീസ് സേവനങ്ങളെക്കുറിച്ചും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നായ തപാൽ വകുപ്പിലെ തൊഴിലവസരങ്ങളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വളണ്ടിയർമാർ സർവജന എൻ.എസ്.എസ്. യൂണിറ്റിന്റെ ഉപഹാരം പോസ്റ്റ്‌മാസ്റ്റർക്ക് കൈമാറി.
