Event More NewsFeature NewsNewsPoliticsPopular NewsUncategorized

മുത്തങ്ങ കേസ്: ഗീതാനന്ദനും മറ്റും തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും

കല്‍പ്പറ്റ: മുത്തങ്ങ കേസില്‍ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ നാലുപേരും തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയും തുടര്‍ന്ന് അപ്പീലും
നല്‍കും.ഭൂസമരവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ കോടതി ശിക്ഷിച്ച എം. ഗീതാനന്ദന്‍, രമേശന്‍ കൊയാലിപ്പുര, അനില്‍കുമാര്‍ അമ്മാനി, ബിനു നെയ്യാറ്റിന്‍കര എന്നിവര്‍ മാനന്തവാടി ജില്ലാ ജയിലിലാണ്.
കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ നാലു പേര്‍ക്കും അഞ്ചുവര്‍ഷം വീതം കഠിനതടവാണ് ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് നാലുപേരെയും മാനന്തവാടിക്ക് കൊണ്ടുപോയത്.
കേസില്‍ പ്രതിഭാഗം ഹാജരാക്കിയ 15 എണ്ണമടക്കം 194 രേഖകള്‍ കോടതി പരിശോധിച്ചു. പ്രോസിക്യൂഷന്‍, കോടതി വിഭാഗത്തില്‍ 179 രേഖകളാണ് ഉണ്ടായിരുന്നത്.
രണ്ട് വീഡിയോ കാസറ്റുകള്‍, മൂന്ന് കൊടുവാളുകള്‍, കുറുവടി, മരവടി, കാട്ടുപത്തല്‍ തുടങ്ങിയ 74 എണ്ണം, 18 മൊട്ടമ്പ്, എട്ട് മുളയമ്പ്, 17 വില്ല്, അരം, കത്തി, ആക്‌സോ ബ്ലേഡ്, കച്ചറക്കത്തി, വാക്കത്തി, കറിക്കത്തി, പേനാക്കത്തി, അരിവാള്‍ എന്നിവ 97 എണ്ണം, കമ്പിവടി, കോടാലി, ചുറ്റിക, ത്രിശൂലം, കുന്തം 10 എണ്ണം, അബ്ദുള്‍ സലാമിന്റെ പാന്റ്‌സ്, ബെല്‍റ്റ്, ഷര്‍ട്ട്, വിനോദ് മരണസമയം ധരിച്ചിരുന്ന ഷര്‍ട്ട്, ശശിധരന്റെ ഷര്‍ട്ട്. പാന്റസ്് എന്നിവയാണ് തൊണ്ടിമുതലുകളായി കോടതി മുമ്പാകെ എത്തിയത്.
മുത്തങ്ങ കേസില്‍ 2018 ഫെബ്രുവരി 20നാണ് വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി ഡിവൈഎസ്പി ഉണ്ണിയെ ഒമ്പത് ദിവസം തുടര്‍ച്ചയായി വിസ്തരിച്ചു. പ്രതിഭാഗം അഭിാഷകന്റെ ക്രോസ് വിസ്താരം അഞ്ച് ദിവസം നീണ്ടു. സാക്ഷികളായ ശങ്കര്‍ റെഡി ഡിജിപി റാങ്കിലും സുരേഷ്‌രാജ് പുരോഹിത് ഐജി റാങ്കിലും ജോലിചെയ്യുമ്പോഴാണ് കോടതിയില്‍ സാക്ഷികളായി എത്തിയത്. അന്തിമവാദം അഞ്ചുദിവസം എടുത്താണ് പൂര്‍ത്തിയാക്കിയത്. സിബിഐ പ്രോസിക്യൂട്ടര്‍ ഒന്നര ദിവസവും പ്രതിഭാഗം അഭിഭാഷകന്‍ മൂന്നര ദിവസവും കേസ് വാദിച്ചു. സിബിഐ പ്രോസിക്യൂട്ടര്‍, പ്രതിഭാഗം അഭിഭാഷകരായ അഡ്വ.ടിഎം. റഷീദ്, വി.ജി. ലൈജു എന്നിവരെ കേസ് നടത്തിയ രീതിയുടെ പേരില്‍ അഭിനന്ദിച്ചാണ് ജില്ലാ സെഷന്‍സ് ജഡ്ജി ഇ. അയ്യൂബ് ഖാന്‍ 217 പേജുള്ള വിധി വായിച്ചത്. മുത്തങ്ങ സമരത്തെക്കുുറിച്ച് ശക്തമായ ചില പരാമര്‍ശങ്ങളും ജഡ്ജി വാക്കാല്‍ നടത്തി. കേസില്‍ 47 പ്രോസിക്യൂഷന്‍ സാക്ഷികളും ഒരു പ്രതിഭാഗം സാക്ഷിയുമാണ് ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *