കരാറുകാരൻ തറകെട്ടി മുങ്ങി; എട്ട് വർഷമായിട്ടും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ ഗോത്ര കുടുംബം
സുൽത്താൻ ബത്തേരി: ഗോത്ര ഊരുകളിൽ വിവിധ പദ്ധതികളിലായി
അനുവദിക്കുന്ന വീടുകളുടെ നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുന്നത് ഗോത്ര കുടുംബങ്ങൾക്ക് വലിയ ദുരിതമാകുന്നു. നൂൽപ്പഴ ഓടപ്പള്ളം കാട്ടുനായ്ക്ക ഊരിലെ വിധവയായ മാതിയും മക്കളും അടച്ചുറപ്പുള്ള ഒരു വീടിനായി അധികൃതരുടെ മുന്നിൽ അപേക്ഷയുമായി
കാത്തിരിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷത്തിലേറെയായി. വീട് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ തറകെട്ടി മുങ്ങിയതോടെ ഈ കുടുംബം പ്ലാസ്റ്റിക് ഷീറ്റുകെട്ടിയ ഒറ്റമുറി
കൂരയിലാണ് ദുരിതജീവിതം നയിക്കുന്നത്.
കാലപ്പഴക്കം കാരണം താമസിക്കാൻ കഴിയാതായ പഴയ വീടിന് പകരമായി പഞ്ചായത്തിൽ നിന്നാണ്
എട്ട് വർഷം മുൻപ് മാതിക്ക് വീട് അനുവദിക്കുന്നത്. വേഗത്തിൽ പുതിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുമാറ്റിയെങ്കിലും, കരാറുകാരൻ തറകെട്ടിയതല്ലാതെ അതിനുമുകളിൽ ഒരു കട്ടപോലും എടുത്തു വെച്ചില്ല. ഇതിനിടയിൽ കരാറുകാരൻ മാതിയിൽ നിന്നും 1,20,000 രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് പലതവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് മാതി പറയുന്നു.
നിലവിൽ പ്ലസ് വൺ, ഒൻപത്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും മൂത്ത മകൻ അജിത്തും ഭാര്യയും അടങ്ങുന്ന കുടുംബം വനാതിർതിയോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് മറച്ച കൂരയിലാണ് കഴിയുന്നത്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഈ കൂരയിലേക്ക് കുരങ്ങുകൾ ചാടിവീണ് വീട്ടുസാധനങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുന്നതും നിത്യസംഭവമാണ്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന ഇവർക്ക് സ്വന്തം നിലയിൽ വീട് നിർമ്മിക്കാൻ സാമ്പത്തിക ശേഷിയില്ല. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികൾ ചെലവഴിക്കുമ്പോഴും ഈ അമ്മയ്ക്കും മക്കൾക്കും എട്ട് വർഷമായിട്ടും അടച്ചുറപ്പുള്ള ഒരു വീട് നൽകാൻ
അധികൃതർക്ക് കഴിയാത്തത് കടുത്ത അവഗണനയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറന്ന് ഈ കുടുംബത്തിന് സുരക്ഷിതമായ ഒരു വീട് നിർമ്മിച്ചു നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
