പോലീസെത്തി, കെയർഹോമിൽ കളിയും ചിരിയും നിറഞ്ഞു; വയോജനങ്ങൾക്ക് സ്നേഹസമ്മാനങ്ങളുമായി ജനമൈത്രി പോലീസ്
വൈത്തിരി: തങ്ങളെ കാണാനെത്തിയ പൊലീസുകാരെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവെച്ചും ഒപ്പം കൂടിയപ്പോൾ
വയോജനങ്ങളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. പട്ടികവർഗ വകുപ്പിന് കീഴിലുള്ള വൈത്തിരി
സുഗന്ധഗിരിയിലെ കെയർ ഹോമിലെ അന്തേവാസികളാണ് ജില്ലാ ജനമൈത്രി പോലീസിന്റെ ‘പ്രശാന്തി’ പദ്ധതിയുടെ ഭാഗമായുള്ള സന്ദർശനത്തിൽ ഒത്തുചേർന്നത്.
കിടപ്പുരോഗികളടക്കമുള്ള ഇരുപത്തിനാലോളം വരുന്ന വയോജനങ്ങളുടെ അടുത്തേക്ക് എത്തിയ
പോലീസ് സംഘം അവർക്കൊപ്പം സമയം ചെലവഴിക്കുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് അന്തേവാസികൾക്ക് ആവശ്യമായ സ്നേഹസമ്മാനങ്ങളും കൈമാറിയാണ് പോലീസ്
സംഘം മടങ്ങിയത്.
പരിപാടി ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ ദാമോദരൻ ഉദ്ഘാടനം ചെയ്തു.
എസ്.സി.പി.ഒമാരായ ടി.കെ. ദീപ, കമറുദ്ദീൻ, സി.പി.ഒ. സിയാദ് സൽമാൻ, വാർഡൻ കെ.കെ. ഉണ്ണികൃഷ്ണൻ, സി.എസ്. രഞ്ജു, എസ്. അനുമോൾ, വി. ശ്രീജി, കെ. ദിവ്യ തുടങ്ങിയവർ
ചടങ്ങിൽ സംസാരിച്ചു.
