ദുരന്തബാധിത കുടുംബങ്ങൾക്ക് കരുത്തായി ‘സേഫ് വിതിൻ’; വയനാട്ടിൽ 45 മലബാറി ആടുകൾ വിതരണം ചെയ്തു
മേപ്പാടി: കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവീസ് ഫോറവും സംയുക്തമായി നടപ്പാക്കുന്ന ‘സേഫ് വിതിൻ – റീകണക്ട് വയനാട് ആൻഡ് വിലങ്ങാട്’ പദ്ധതിയുടെ ഭാഗമായി, കോഴിക്കോട് അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സി.ഡി.എസ്.എസ്.എസ്.–ജീവന ദുരന്തബാധിത കുടുംബങ്ങളുടെ ഉപജീവന സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 45 മലബാറി ആടുകൾ വിതരണം ചെയ്തു.
മേപ്പാടി സെന്റ് ജോസഫ് ദേവാലയ ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് വിതരണ പരിപാടി സംഘടിപ്പിച്ചത്. മേപ്പാടി, വൈത്തിരി, പൊഴുതന എന്നീ പ്രദേശങ്ങളിലെ ദുരന്തബാധിത കുടുംബങ്ങൾക്കായി നടപ്പാക്കുന്ന ഉപജീവന പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനമായാണ് 45 മലബാറി ആടുകൾ വിതരണം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 100 കുടുംബങ്ങൾക്ക് ഫലവൃക്ഷത്തൈകളും, രണ്ടാം ഘട്ടത്തിൽ 30 ഗുണഭോക്താക്കൾക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തിരുന്നു.
ദുരന്തബാധിത കുടുംബങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രകൃതിദുരന്തങ്ങളുടെ ആഘാതം നേരിട്ട കുടുംബങ്ങളുടെ ജീവിതോപാധി പുനഃസ്ഥാപിക്കുന്നതിനും അവരുടെ ഉപജീവന സുരക്ഷയും സാമ്പത്തിക പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.
കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സേഫ് വിതിൻ – റീകണക്ട് വയനാട് ആൻഡ് വിലങ്ങാട്’ പദ്ധതി ദുരന്തസാധ്യതയുള്ള മേഖലകളിലെ സമൂഹങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനും, ഉപജീവന പുനഃസ്ഥാപനത്തിനും, ദീർഘകാല പുനരധിവാസത്തിനും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയാണ്.
മേപ്പാടി സെന്റ് ജോസഫ് ദേവാലയ വികാരി ഡോ. ഫാ. സണ്ണി പി.എ.യുടെ സാന്നിധ്യത്തിൽ, സി.ഡി.എസ്.എസ്.എസ്.–ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വി.സി.യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ ആഷ്ലി നെൽസൺ, കമ്മ്യൂണിറ്റി മൊബിലൈസർ ഷീജ ബാബു, ബിഫ്രണ്ടിങ് കോ-ഓർഡിനേറ്റർമാരായ സോഫി ജോയ്, ഷൈനി എം. ജെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
