ശമ്പള കുടിശ്ശികയ്ക്ക് പിന്നാലെ പ്രഹരം: ഡിജിറ്റൽ സർവേ പദ്ധതിയിലെ കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഉത്തരവ്
കൽപ്പറ്റ: മാസങ്ങളായി ശമ്പളം ലഭിക്കാതെ വലയുന്ന ഡിജിറ്റൽ സർവേ പദ്ധതിയിലെ കരാർ ജീവനക്കാർക്ക് തിരിച്ചടിയായി സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറുടെ പുതിയ ഉത്തരവ്. പദ്ധതിക്കായി നിയമിച്ച കരാർ ജീവനക്കാരുടെയും വാടകയ്ക്കെടുത്ത വാഹനങ്ങളുടെയും സേവനം ഘട്ടങ്ങളായി അവസാനിപ്പിക്കാനാണ് സർക്കാർ തീരുമാനം. 100 ദിന കർമ്മപദ്ധതി നടപ്പിലാക്കുന്ന 228 വില്ലേജുകളിലൊഴികെ, മറ്റിടങ്ങളിലെ ക്യാമ്പ് ഓഫീസുകളുടെ പ്രവർത്തനവും കരാർ ജീവനക്കാരുടെ സേവനവും 2026 ഓഗസ്റ്റ് 01 മുതൽ അവസാനിപ്പിക്കും. 100 ദിന കർമ്മപദ്ധതി കഴിയുന്നതോടെ ബാക്കിയുള്ളവരുടെ സേവനവും അവസാനിക്കും. സർക്കാർ അനുമതിയില്ലാതെ 2026 ഒക്ടോബർ 09ന് ശേഷം ഒരു കാരണവശാലും കരാർ സേവനങ്ങൾ തുടരരുത്. പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് നൽകിയിട്ടുള്ള RTK, ETS, TAB, SIM കാർഡ്, ഐഡി കാർഡ് എന്നിവ സർവേ സൂപ്രണ്ടുമാർക്ക് മുന്നിൽ തിരികെ ഏൽപ്പിക്കണം.സേവനം അവസാനിക്കുന്നതോടെ ‘എന്റെ ഭൂമി’ പോർട്ടലിലെ User ID, NTRIP അക്കൗണ്ട് ഉൾപ്പെടെയുള്ള സിസ്റ്റം ആക്സസുകൾ റദ്ദാക്കും.ശമ്പള കുടിശ്ശിക കാരണം പ്രതിസന്ധിയിലായ ജീവനക്കാരെ പെട്ടെന്ന് പിരിച്ചുവിടുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിലുള്ള ഡിപ്പാർട്ട്മെന്റ് സർവേയർമാരെ മാത്രം ഉപയോഗിച്ച് സർവേ സൂപ്രണ്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് ഇനി ഡിജിറ്റൽ സർവേ തുടരുമെന്നാണ് ഡയറക്ടറേറ്റ് അറിയിക്കുന്നത്.
