രാത്രിയിൽ ഇരുട്ടിൽ മുങ്ങി താൽക്കാലിക ബസ് സ്റ്റാൻഡ്: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നഗരസഭയുടെ ഗുരുതര വീഴ്ച: ഡിവൈഎഫ്ഐ
മാനന്തവാടി: മാനന്തവാടി നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയതിനെ തുടർന്ന് കോഴിക്കോട് റോഡിൽ ഒരുക്കിയിരിക്കുന്ന താൽക്കാലിക ബസ് സ്റ്റാൻഡിൽ രാത്രികാല യാത്രക്കാർ അതീവ ദുരിതമാണ് നേരിടുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവിച്ചു. നൂറുകണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന ഈ പൊതുസൗകര്യത്തിൽ മതിയായ വെളിച്ച സംവിധാനം പോലും ഒരുക്കാതെയാണ് മുനിസിപ്പാലിറ്റി ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ടിരിക്കുന്നത്. വൈകുന്നേരവും രാത്രിയിലും ദീർഘദൂര ബസുകൾക്കായി കാത്തുനിൽക്കുന്ന സ്ത്രീകൾ, കുട്ടികൾ, വിദ്യാർത്ഥികൾ, വയോജനങ്ങൾ, ഗർഭിണികൾ തുടങ്ങി നിരവധി ആളുകൾക്ക് ഈ ഇരുണ്ട സാഹചര്യത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇത് വെറും ഒരു സൗകര്യക്കുറവല്ല, ജനങ്ങളുടെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന ഭരണപരമായ അനാസ്ഥയാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
താൽക്കാലിക ബസ് സ്റ്റാൻഡ് നിർമ്മിച്ച മുനിസിപ്പാലിറ്റി, അത് രാത്രിയിലും ഉപയോഗിക്കേണ്ട പൊതുസ്ഥലമാണെന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യം പോലും പരിഗണിക്കാത്തത് പ്രതിഷേധാർഹമാണ്. മതിയായ ലൈറ്റുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുക എന്നത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്വമാണ്. എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വത്തിൽ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല.
അതിനാൽ, താൽക്കാലിക ബസ് സ്റ്റാൻഡിൽ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റോ ആവശ്യമായ എൽഇഡി ലൈറ്റുകളോ സ്ഥാപിച്ച് രാത്രികാല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉഥഎക മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു
