പെൻഷൻ വർധന ഉടൻ നടപ്പാക്കണം: പെൻഷനേഴ്സ് അസോസിയേഷൻ
കല്‍പ്പറ്റ: പെന്ഷന് വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അതുവരെ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്ഷന് ബോര്‍ഡ് അടിയന്തരമായി രൂപീകരിക്കുക, ബോര്‍ഡില്‍ സംഘടനകളുടെ മൂന്നില്‍ കുറയാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുക, സഹകരണ പെന്‍ഷന്‍കാര്‍ക്ക് മെഡിസെപ് ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.വി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. കേളപ്പന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ശ്രീധരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും എം. രാമചന്ദ്രന് വരവുചെലവ് കണക്കും അവതരിപ്പിച്ചു. സി.കെ. ഗോപാലകൃഷ്ണന്, പി.ജി. ഭാസ്കരന്, എസ്. വിജയകുമാരന്‍ നായര്‍, ടി.കെ. വിശ്വനാഥന്, പി.ജെ. വര്‍ഗീസ്, വി.വി. രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പി.കെ. ബാബുരാജ് സ്വാഗതവും ഇ.പി. പൗലോസ് നന്ദിയും പറഞ്ഞു.
