Feature NewsNewsPopular NewsRecent News

സുരക്ഷാഉപകരണങ്ങൾകൈമാറി കാലിക്കറ്റ് രൂപത സോഷ്യൽസർവീസ് സൊസൈറ്റി

വൈത്തിരി: മഴക്കാല ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനായി കാലിക്കറ്റ് രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ജീവനയുടെ നേതൃത്വത്തിൽ വൈത്തിരി, പൊഴുതന, മേപ്പാടി ഗ്രാമപഞ്ചായത്തുകൾക്കായി അടിയന്തര രക്ഷാപ്രവർത്തന ഉപകരണങ്ങൾ കൈമാറി.
പദ്ധതിയുടെ ഭാഗമായി 25 ഇനം സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടുന്ന 15 സെറ്റ് വീതമാണ് മൂന്ന് പഞ്ചായത്തുകൾക്കും നൽകിയത്.

മഴക്കാല രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഹെൽമറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ്, റെയിൻകോട്ട്, കയ്യുറകൾ, ഗംബൂട്ട്, കുട, കയർ, ടാർപോളിൻ ഷീറ്റ്, ടോർച്ച്, ഹെഡ് ലാമ്പ്, ഫസ്റ്റ് എയ്ഡ് ബോക്സ്, മെഡിക്കൽ കിറ്റ്, ഹാൻഡ് സാനിറ്റൈസർ, ഫോൾഡിങ് സ്ട്രെക്ച്ചർ, മെഗാഫോൺ, വിസിൽ, ചെയിൻ സോ (മരം മുറിക്കുന്ന മെഷീൻ), ഐസ് ബോക്സ്, ഹാൻഡ് സോ, ഫയർ എക്സ്റ്റിങ്വിഷർ, മാസ്ക് തുടങ്ങിയ ഉപകരണങ്ങൾ, മറ്റ് അനുബന്ധ രക്ഷാപ്രവർത്തന സാമഗ്രികൾ എന്നിവയാണ് വിതരണം ചെയ്തത്.

വൈത്തിരി സെന്റ് ജോസഫ് പള്ളിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ഫാ. ജോൺസൺ കൊച്ചുപറമ്പിൽ നിർവഹിച്ചു. ദുരന്ത സാഹചര്യങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വൈത്തിരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ഡോളി ജോസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആർആർടി അംഗം ബെന്നി ആശംസകൾ നേർന്നു. തുടർന്ന് സാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
മഴക്കാലത്ത് ഉണ്ടാകുന്ന അപകട സാഹചര്യങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സുരക്ഷയും രക്ഷാപ്രവർത്തന ശേഷിയും വർധിപ്പിക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കാലിക്കറ്റ് രൂപത സോഷ്യൽ സർവീസ് സൊസൈറ്റി, കാരിത്താസ് ഇന്ത്യ, കെ എസ് എസ് എഫ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലെ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ സഹായം വലിയ പിന്തുണയാകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *