കള്ളാടി മണ്ണിടിച്ചിൽ:ദുരന്തത്തിന്റെ വ്യാപ്തികുറച്ചത് സർക്കാർഇടപെടലിൽ;ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ആണെന്നും സംഭവത്തിൽ രണ്ട് സ്വതന്ത്ര അന്വഷണം പ്രഖ്യാപിച്ചതായും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. കരാറുകാരെ പഴിച്ചുകൊണ്ടാണ് റിപ്പോർട്ട്.
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ആണെന്നും ജൂൺ അഞ്ചിന് തുരങ്കപാത ജോലികൾ നിർത്തിവെപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മഴ കണക്കിലെടുത്തായിരുന്നു മുന്നറിയിപ്പ് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ കരാറുകാരുടെ യോഗവും നടത്തി. മരണ നിരക്ക് കുറച്ചത് സമയോചിത ഇടപെടലിൽ ആണ്. തുരങ്ക നിർമാണ പാതയുടെ നിർമാണത്തിൻ്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാൻ കരാറുകാരന് നിർദേശം നൽകിയെന്നും കൊങ്കൺ റെയിൽവെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കാണ് നിർദേശം നൽകിയതെന്നും റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കുന്നു.
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് സ്വതന്ത്ര അന്വഷണമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളുടെ കാര്യമാണ് ആദ്യത്തേത്. പരിസ്ഥിതി അനുമതികൾ നേടിയോ എന്നതിൽ രണ്ടാം അന്വേഷണവും നടത്തും. കരാറുകരെ പൂർണമായും പഴിച്ചുകൊണ്ടാണ് സർക്കാരിന്റെ റിപ്പോർട്ട്. മുന്നറിയിപ്പ് എല്ലാം സർക്കാർ നേരത്തെ നൽകിയെന്നും മണ്ണുമാറ്റാൻ ആവർത്തിച്ച് നിർദേശം നൽകിയിരുന്നതായും സർക്കാർ പറയുന്നു.
