Feature NewsNewsPopular NewsRecent News

ലഹരിവിരുദ്ധ ബോധവത്കരണം:കാമ്പസുകളില്‍ ‘സിഫി’ ശില്‍പശാല നടത്തുന്നു

കല്‍പ്പറ്റ: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ സിനിമാ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതിന് മാനന്തവാടി തോണിച്ചാല്‍ സത്യജിത് റായി ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്(സിഫി)സ്‌കൂള്‍, കോളജ് കാമ്പസുകളില്‍ ശില്‍പശാല നടത്തുന്നു.’സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് ഡ്രഗ്‌സ്-ഗെറ്റ് അഡിക്ടഡ് ടു സിനിമ’ എന്ന പേരിലാണ് ഹ്രസ്വചിത്ര ശില്‍പശാല സംഘടിപ്പിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ ഡോ.രാകേഷ് ഖാലിയ, മാനേജിംഗ് ഡയറക്ടര്‍ കെ.പി. തിലക് രാജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കെ. ബാലചന്ദ്രന്‍, ഡയറക്ടര്‍ സി. രതീഷ്, അസി.പ്രഫസര്‍മാരായ കെ. അതുല്‍ രാജ്, കെസിയ ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ‘സിഫി’. സമൂഹിക പ്രതിബദ്ധതാപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മലബാറിലെ തെരഞ്ഞെടുത്ത കാമ്പസുകളില്‍ ശില്‍പശാല നടത്തുന്നത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശില്‍പശാലയില്‍ ലഹരിയുടെ ദൂഷ്യഫലങ്ങളില്‍ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം സിനിമാനിര്‍മാണത്തിന്റെ അടിസ്ഥാന സാങ്കേതിക വിദ്യകളില്‍ പ്രായോഗിക പരിശീലനം നല്‍കും. കരിയര്‍ കൗണ്‍സിലിംഗ് സെഷനും ഉണ്ടാകും. തിരക്കഥാരചന, ദൃശ്യഭാഷ, സിനിമ സംവിധാനത്തിന്റെ അടിസ്ഥാനങ്ങള്‍, കാമറ കൈകാര്യം, ചിത്രീകരണം, എഡിറ്റിംഗ്്, ഹ്രസ്വചിത്ര നിര്‍മാണം എന്നിവയില്‍ വിദഗ്ധര്‍ ക്ലാസ് നയിക്കും. വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രമേയത്തില്‍ ഹ്രസ്വചിത്രങ്ങള്‍ തയാറാക്കുന്നതിന് അവസരം ഒരുക്കും. ശില്‍പശാലയുടെ ഉദ്ഘാടനം ഈ മാസം മധ്യത്തോടെ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *