Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

ദേശീയപാത വികസനം: വൈത്തിരിയില്‍ ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ഉപരോധം 30ന്

കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയുടെ വികസനം ഇഴഞ്ഞുനീങ്ങുന്നതിനെതിരേ വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്. ദേശീയപാതാ വികസനവും ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസും യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് 30ന് വൈത്തിരിയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കും. ഭാരവാഹികളായ ടി.ആര്‍. ഓമനക്കുട്ടന്‍, കെ.പി. സെയ്തലവി, നിസാര്‍ ദില്‍വെ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ചുരം ബൈപാസ് ഉള്‍പ്പടെ ദേശീയപാത വികസനത്തിനു ഡിപിആര്‍ തയാറാക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചും കാന്‍സല്‍ ചെയ്തും നടപടികള്‍ വൈകിപ്പിക്കുകയാണ്. 2024 ജനുവരിയില്‍ കോഴിക്കോട് മുതല്‍ മുത്തങ്ങ വരെ ഒറ്റ റീച്ച് ആയി നാലുവരി പാതയില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടികള്‍ മന്ദഗതിയിലാണ്. താമരശേരിയില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരത്തകൂടി കടന്നുപോകുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതയോ 45 കിലോമീറ്റര്‍ മാറിയുള്ള പടിഞ്ഞാറത്തറ-പൂഴിത്തോട് പാതയോ യാഥാര്‍ഥ്യമായാല്‍ത്തന്നെ താമരശേരി ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമാകില്ല. ബൈപാസ് നിര്‍മിക്കുകയാണ് ചുരത്തിലെ യാത്രാപ്രതിസന്ധിക്ക് പരിഹാരം. വയനാട്ടിലെക്ക് വിനോദ സഞ്ചാരികള്‍ ഏറെയും എത്തുന്നത് ചുരം വഴിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്ന ദേശീയപാത എന്ന നിലയില്‍ കോഴിക്കോട്-കൊല്ലഗല്‍ റോഡിന് വലിയ വാണിജ്യ പ്രാധാന്യമുണ്ട്. സമരത്തിന് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *