Feature NewsNewsPopular NewsRecent News

ബാണാസുര സാഗറിൽ നിന്ന് കൃഷിക്ക് ജലസേചനം സാധ്യമാക്കണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: പണി തുടങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞ ബാണാസുര സാഗർ ജലസേചന പദ്ധതി പണി പൂർത്തിയാക്കി കർഷകർക്ക് പ്രയോജനപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും പദ്ധതി പ്രദേശത്തെ നൂറു കണക്കിന് കൃഷി ഭൂമി വരണ്ടുണങ്ങി കിടക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പടിഞ്ഞാറത്തറ, വെണ്ണിയോട് എന്നീ രണ്ടു പ്രധാന ബ്രാഞ്ചു കനാലുകളിലൂടെയും വിവിധ പ്രദേശങ്ങളിലേക്ക് നിരവധി ഡിസ്ട്രിബ്യൂട്ടറികളിലൂടെയും വെള്ളം എത്തിച്ച് 2800 ഹെക്ടറിൽ രണ്ടും മൂന്നും വിളകളിറക്കാൻ വിഭാവനം ചെയ്ത് കോടികൾ മുടക്കിയ പദ്ധതിയാണ് നോക്കുകുത്തിയായി കിടക്കുന്നത്.

പുഴകളിൽ ആവശ്യത്തിന് തടയണകളില്ലാത്തതിനാൽ ഡാം തുറന്നാൽ വെളളം കർണ്ണാടകയിൽ എത്തുന്ന അവസ്ഥയാണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി. വെെസ് പ്രസിഡന്റ് മണക്കോടൻ അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. തോട്ടവിള ഫെഡറേഷൻ സംസ്ഥാന ചെയർമാൻ അഡ്വ. എൻ. ഖാലിദ് രാജ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെകട്ടറി പി.കെ. അബ്ദുൽ അസീസ് ഉദ്‌ഘാടനം ചെയ്തു.

ജില്ലാ സ്പെഷൽ കൺവൻഷന്റെയും ജില്ലാ കവുങ്ങ് കർഷക സംഗമത്തിന്റെയും മുന്നോടിയായി നവ. 14ന് (ശനിയാഴ്ച) മൂന്ന് മണ്ഡലങ്ങളിലും സ്പെഷൽ കൺവെൻഷൻ ചേരാൻ തീരുമാനിച്ചു. വന്യജീവി ആക്രമണ നഷ്ടപരിഹാരവും വിളനാശ നഷ്ടപരിഹാരവും ഇരട്ടിയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ച യു.ഡി.എഫ് സർക്കാറിനെ യോഗം അഭിനന്ദിച്ചു. കർഷകരോടുള്ള സർക്കാറിന്റെ പ്രതിബദ്ധതയും കരുതലും വിളിച്ചോതുന്ന ഇടപെടലാണിതെന്ന് യോഗം ചൂണ്ടിക്കാട്ടി. വി. അസൈനാർ ഹാജി, മായൻ ഹാജി മുതിര, കല്ലിടുമ്പൻ ഹംസ ഹാജി, ലത്തീഫ് അമ്പലവയൽ, കെ.ടി.കുഞ്ഞബ്ദുല്ല, സി.മുഹമ്മദ്, ബഷീർ നായ്ക്കട്ടി, അലവി വടക്കേതിൽ, അബുബക്കർ ഹാജി തന്നാണി, സലീം കേളോത്ത്, അസീസ് കരേക്കാടൻ, ഉസ്മാൻ പള്ളിയാൽ, ഖാലിദ് വേങ്ങൂർ, ശംസുദ്ദീൻ ബിദർക്കാട് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *