തവിഞ്ഞാലിന്റെ കൃഷിയറിവുകൾക്ക് ഇനി സ്വന്തം വിലാസം
തവിഞ്ഞാൽ: തലമുറകളിലൂടെ കൈമാറിവന്ന വിത്തിനങ്ങളും കൃഷിയറിവുകളും കാർഷിക പൈതൃകവും ഇനി ഒരേയിടത്തിൽ. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയിലെ സമഗ്ര വിവരങ്ങൾ ശേഖരിച്ച് കാർഷിക ഡയറക്ടറി തയ്യാറാക്കുന്നു. നാടിൻ്റെ പരമ്പരാഗത കൃഷി രീതികൾ സംരക്ഷിച്ച് പുതിയ തലമുറയിലെ കർഷകരിലേക്ക് കൃഷി അറിവുകൾ എത്തിക്കാനുള്ള വേറിട്ട പദ്ധതിയാണിത്. പഞ്ചായത്തിലെ വിവിധ ഗോത്ര തറവാടുകളിൽ നിലവിലുള്ള പലതരം നെൽവിത്തുകളുടെയും മറ്റ് വിളകളുടെയും പരമ്പരാഗത ശേഖരങ്ങളുണ്ട്. തലമുറകളായി സംരക്ഷിക്കുന്ന വിത്തിനങ്ങളുടെ പേരും പ്രത്യേകതകളും ഡയറക്ടറിയിൽ രേഖപ്പെടുത്തും. ഓരോ വിത്തിനത്തിൻ്റെയും കൃഷിക്കാലം, അനുയോജ്യമായ മണ്ണ്, ജലലഭ്യത, നനയ്ക്കേണ്ട രീതി, പരിപാലനം, വിളവെടുപ്പ് കാലം തുടങ്ങിയ വിവരങ്ങൾ ഡയറക്ടറിയുടെ ഭാഗമായി ശേഖരിക്കും. ഇതിലൂടെ അപൂർവവും പരമ്പരാഗതവുമായ വിത്തിനങ്ങളെക്കുറിച്ച് പുതിയ കർഷകർക്ക് അറിയാനും കാർഷിക മേഖലയിൽ നടപ്പാക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവസരം ഒരുക്കുകയാണ്.
കുടിയേറ്റ കർഷകരുടെ പഴയകാല കാർഷിക രീതികൾ, കാലക്രമത്തിൽ വന്ന മാറ്റങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി രേഖപ്പെടുത്തും.
ആദ്യകാലത്ത് കൃഷി ചെയ്തിരുന്ന വിളകൾ, ഉപയോഗിച്ചിരുന്ന വിത്തുകൾ, പരമ്പരാഗത കൃഷിരീതികൾ, ജലസേചന സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം നിലവിലെ കൃഷിരീതികളും സാങ്കേതികവിദ്യകളുടെ ഉപയോഗവും വിവരശേഖരണത്തിൽ ഉൾപ്പെടും. പദ്ധതിയിലൂടെ തവിഞ്ഞാലിന്റെ്റെ കാർഷിക മേഖല കടന്നുവന്ന വഴികളും ഭാവിയിലെ സാധ്യതകളും തിരിച്ചറിയാനാകും. പഞ്ചായത്തിലെ 23 വാർഡുകളിലും പ്രത്യേക പരിശീലനം ലഭിച്ച തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളാണ് വിവരങ്ങൾ ശേഖരിക്കുക. കർഷകരുടെ വീടുകളും കൃഷിയിടങ്ങളും സന്ദർശിച്ച് കൃഷിഭൂമികളുടെ വിസ്തൃതി, വിവിധ വിളകളുടെ ഉത്പാദന അളവ്, ഉത്പദന ക്ഷമത, വിത്ത്, നടീൽ വസ്തുക്കൾ ലഭിക്കുന്ന സ്രോതസ്സുകൾ, കാർഷിക ഉത്പന്നങ്ങളുടെ വിപണന സാധ്യത വിവരങ്ങൾ ക്രോഡീകരിക്കും. ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി കർഷകർക്ക് പ്രയോജനപ്പെടുത്താവുന്ന കാർഷിക വിവരശേഖരവും ഡയറക്ടറി ഡാറ്റാബേസും തയ്യാറാക്കും. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിവര ശേഖരണത്തിന് ഒരു ലക്ഷം രൂപ തനത് ഫണ്ടിൽനിന്നും ഡയറക്ടറി അച്ചടിച്ച് വിതരണം ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ ജനറൽ ഫണ്ടിൽ നിന്നും അനുവദിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം, കർഷകരുടെ അനുഭവജ്ഞാനത്തിന്റെ കൈമാറ്റം, കാർഷിക വിഭവങ്ങളുടെ ലഭ്യത, ഉത്പദനക്ഷമതയുടെ വർധന എന്നിവയ്ക്ക് പദ്ധതി സഹായകമാകും. പഴയ തലമുറയുടെ കൃഷിയറിവുകളെയും പുതിയ കാലത്തെ കാർഷിക സാധ്യതകളെയും ബന്ധിപ്പിക്കുന്ന ആധികാരിക രേഖയായി തവിഞ്ഞാൽ കാർഷിക ഡയറക്ട്ടറിയെ മാറ്റുകയാണ് ലക്ഷ്യം
