നിരന്തര പവർകട്ടിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി സെപ്റ്റംബർ 14ന് പന്തം കൊളുത്തി പ്രതിഷേധിക്കും
മാനന്തവാടി: നിരന്തരമായ പവർകട്ടിനും വിലക്കയറ്റത്തിനുമെതിരെ കേരള വ്യാപാരി വ്യവസായ സമിതി മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14ന് പകൽ 12 മണിക്ക് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചു.സംസ്ഥാനത്ത് യു.ഡി.എഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ദൈനംദിന ഉപയോഗ സാധനങ്ങൾക്ക് അടിക്കടി വില വർദ്ധിക്കുകയാണെന്നും, അതോടൊപ്പം യാതൊരു നിയന്ത്രണവുമില്ലാതെ വൈദ്യുതി കട്ട് നടപ്പിലാക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു.തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കാത്തത് മൂലം വ്യാപാരികൾക്ക് കൃത്യമായി കച്ചവടം നടത്താനോ സാധാരണക്കാർക്ക് ജീവിച്ചു പോകാനോ സാധിക്കുന്നില്ല. രാത്രികാലങ്ങളിൽ പഠിക്കാൻ സാധിക്കാതെ കുട്ടികളും ദുരിതത്തിലാണ്. സർക്കാറിന്റെ അനിയന്ത്രിതമായ പവർകട്ടാണ് ഈ പ്രതിസന്ധികൾക്കെല്ലാം കാരണമെന്ന് യോഗം കുറ്റപ്പെടുത്തി.
ഏരിയ എക്സിക്യൂട്ടീവ് യോഗത്തിൽ അബ്ദുൽ സലീം സ്വാഗതം പറഞ്ഞു. കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സമരത്തിന്റെ വിജയത്തിനായി കെ.വി. രാജുവിനെ കൺവീനറായി ചുമതലപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്റ് റെജീന പടയൻ, മാത്യു മാസ്റ്റർ, മുത്തലവി, കെ.ജി. സുനിൽ, സിനി എന്നിവർ സംസാരിച്ചു.
