Feature NewsNewsPopular NewsRecent News

മെന്റർ ടീച്ചർ നിയമനം വൈകുന്നു; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ

മാനന്തവാടി: സ്‌കൂൾ തുറന്ന് രണ്ടുമാസം പിന്നിട്ടിട്ടും
മെന്റർ ടീച്ചർ തസ്തികയിലേക്കുള്ള പരീക്ഷയും
ഇന്റർവ്യൂവും പൂർത്തിയായിട്ടും റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം
ഉയരുന്നു. വയനാട് ജില്ലയിലെ സർക്കാർ, എയ്‌ഡഡ്
എൽ.പി. സ്കൂളുകളിലായി ഏകദേശം 241
ഒഴിവുകളുള്ള മെൻ്റർ ടീച്ചർ നിയമനം
അനിശ്ചിതത്വത്തിൽ തുടരുന്നത് ആദിവാസി
കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി
ബാധിക്കുകയാണെന്ന് ഉദ്യോഗാർത്ഥികളും
സാമൂഹിക പ്രവർത്തകരും ആരോപിച്ചു.
അതിദുർബല ആദിവാസി വിഭാഗങ്ങളായ അടിയ,
പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടുകുറുമ
തുടങ്ങിയ സമൂഹങ്ങളിലെ ഒന്നാം ക്ലാസിൽ
പ്രവേശിക്കുന്ന കുട്ടികൾക്ക് അവരുടെ
മാതൃഭാഷയിലും സാംസ്‌കാരിക പശ്ചാത്തലത്തിലും
പിന്തുണ നൽകുന്നതിനുള്ള പ്രധാന സംവിധാനമാണ്
മെന്റർ ടീച്ചർ പദ്ധതി. സ്കൂ‌ളും കുട്ടിയും തമ്മിലുള്ള
ആദ്യത്തെ ആശയവിനിമയ പാലമായാണ് മെന്റർ
ടീച്ചർമാരെ കണക്കാക്കുന്നത്.

എന്നാൽ നിയമനം വൈകുന്നതിനാൽ നിരവധി സ്കൂളുകളിൽ ഈ സംവിധാനം നിലവിൽ ഇല്ല. ഇതുമൂലം ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾ സ്കൂളുമായി ഇണങ്ങാൻ പ്രയാസപ്പെടുന്നതായും ചിലർ പഠനം പോലും ഉപേക്ഷിക്കുന്ന സാഹചര്യമാണ് രൂപപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മതിയായ വസ്ത്രങ്ങളുടെ അഭാവം, പഠനസാമഗ്രികളുടെ കുറവ്, യാത്രാസൗകര്യങ്ങളുടെ അപര്യാപ്‌തത, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അടിസ്ഥാന രേഖകളില്ലായ്മ എന്നിവയും ആദിവാസി കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

പരീക്ഷയും ഇന്റർവ്യൂവും പൂർത്തിയായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിൻ്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. ഈ കാലതാമസത്തിൻ്റെ യഥാർത്ഥ ഇരകൾ ഉദ്യോഗാർത്ഥികൾ മാത്രമല്ല, സ്വന്തം ഭാഷയിൽ പിന്തുണ നൽകാൻ ഒരാളെ കാത്തിരിക്കുന്ന നിഷ്കളങ്കരായ ആദിവാസി കുട്ടികളാണെന്നും അവർ പറഞ്ഞു.

ഒരു അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ ലഭിക്കേണ്ട പഠനപിന്തുണ നഷ്‌ടപ്പെട്ടാൽ പിന്നീട് അത് പൂർണമായി പരിഹരിക്കാനാവില്ലെന്നും അതിനാൽ മെന്റർ ടീച്ചർ റാങ്ക് ലിസ്റ്റ് അടിയന്തരമായി പ്രസിദ്ധീകരിച്ച് എല്ലാ ഒഴിവുകളിലും നിയമനം പൂർത്തിയാക്കണമെന്നും പട്ടികവർഗ വികസന വകുപ്പിനോടും സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *