പടിഞ്ഞാറത്തറഎബിസി കേന്ദ്രത്തിൽ 30 വന്ധ്യംകരണശസ്ത്രക്രിയനടത്തി
കല്‍പ്പറ്റ: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറയില്‍ ആരംഭിച്ച എബിസി കേന്ദ്രത്തില്‍ 30 വന്ധ്യംകരണ ശാസ്ത്രക്രിയ നടത്തി. 17 ആണ്‍ നായകളെയും 13 പെണ്‍ നായകളെയുമാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കല്‍പ്പറ്റ, മാനന്തവാടി മുന്‍സിപ്പാലിറ്റികളില്‍നിന്നും വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍നിന്നും പിടിച്ച് സെന്ററില്‍ എത്തിച്ച 55 തെരുവുനായകളില്‍പ്പെട്ടതാണ് ഇവ. ചികിത്സ പൂര്‍ത്തിയായതിനുശേഷം നായകളെ പിടിച്ചിടത്ത് തിരികേ വിടും. സെന്ററില്‍ പ്രതിമാസം 200 ഓളം ശസ്ത്രക്രിയ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
ഒരു തെരുവുനായയെ പിടിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി തിരികേ വിടുന്നതിന് ശസ്ത്രക്രിയ-മരുന്ന്-600 രൂപ, ഭക്ഷണം-400 രൂപ, നായകളെ പിടിക്കല്‍-തിരികേവിടല്‍-300 രൂപ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍-200 രൂപ എന്നിങ്ങനെയാണ് ചെലവ് ക്രമീകരിച്ചിരിക്കുന്നത ്.രണ്ട് വെറ്ററിനറി സര്‍ജന്‍മാര്‍, ഒരു ഓപറേഷന്‍ തീയറ്റര്‍ അസിസ്റ്റന്റ്, നാല് മൃഗപരിപാലകര്‍, ഒരു ശുചീകരണ ജീവനക്കാരന്‍ എന്നിങ്ങനെയാണ് എബിസി കേന്ദ്രത്തില്‍ തസ്തിക അനുവദിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 64 ലക്ഷം രൂപയാണ് ഒരു എബിസി കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് കണക്കാക്കുന്ന ചെലവ്. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയിലടക്കം രണ്ട് എബിസി കേന്ദ്രങ്ങളാണ് നിലവിലുള്ളത്.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രത്തിന്റെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്.
പടിഞ്ഞാറത്തറ വെറ്റിനറി സര്‍ജനാണ് പടിഞ്ഞാറത്തറ സെന്ററിന്റെ മേല്‍നോട്ടച്ചുമതല. ഡോ.ആര്യ തെരേസ, ഡോ.റാണി ജോസഫ്, ഡോ.അമാന റഷീദ്, ഡോ.മുഹമ്മദ് ഉവൈസ്, വി.ആര്‍. രതീഷ്,
ഹേഫേ സായി, കെ.കെ. ജനാര്‍ദനന്‍, രോഹിണി ഹരിദാസ്, കെ. സുന്ദരപാണ്ഡ്യന്‍, എസ്. വിജയകുമാര്‍ എന്നിവരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
