പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടൽ; വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഫാംസ്റ്റേ പ്രതിനിധികൾ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ടൂറിസം മേഖലയെ, പ്രത്യേകിച്ച് ഫാം സ്റ്റേയും ഹോം സ്‌റ്റേയും കേന്ദ്രീകരിച്ചുള്ള ഗ്രാമീണ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചർച്ചകൾ നടന്നു. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്, ടൂറിസം മന്ത്രി പി.സി വിഷ്‌ണുനാഥ്, കേരള ഹാറ്റ്സ് വയനാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് മാരായ വിനോദ്.ആർ, രഘു രാജ് ബി.പി, ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി കൺവീനർ പി.ജെ ആൻ്റണി (തിരുവമ്പാടി), എം.പി. ഓഫീസിനെ പ്രതിനിധീകരിച്ച് രതീഷ് കുമാർ, രാഹുൽ രവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ കാർഷിക പാരമ്പര്യവും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ചുകൊണ്ട് ഫാം സ്റ്റേ അധിഷ്‌ഠിത ഗ്രാമീണ ടൂറിസം സംസ്ഥാനത്തിൻ്റെ മാതൃകാ പദ്ധതിയായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. കൃഷിയെയും ടൂറിസത്തെയും സമന്വയിപ്പിച്ച് കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക, ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
ഫാം സ്റ്റേ, ഹോം സ്‌റ്റേ മേഖലകളുടെ വികസനത്തിനായി പ്രത്യേക നയപരമായ മാറ്റങ്ങളും പ്രോത്സാഹന പദ്ധതികളും നടപ്പാക്കുക, ഫാം സ്റ്റേ സംരംഭങ്ങൾക്ക് രജിസ്ട്രേഷൻ, ലൈസൻസിംഗ് നടപടികൾ ലളിതമാക്കുകയും സാമ്പത്തിക ആനുകൂല്യങ്ങളും വിപണന പിന്തുണയും ഉറപ്പാക്കുകയും ചെയ്യുക, കാർഷിക ടൂറിസം (Agri Tourism) പ്രോത്സാഹിപ്പിച്ച് കൃഷിയിടങ്ങളെ അനുഭവസമ്പന്നമായ ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക, സാധാരണക്കാരായ കർഷകർക്കും ചെറുകിട ടൂറിസം സംരംഭകർക്കും ഫാം സ്റ്റേ, ഹോം സ്റ്റേ മേഖലകളിലൂടെ കൂടുതൽ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുക, ടൂറിസം ലൈസൻസിംഗ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതികൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട പ്രായോഗിക തടസ്സങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നയപരമായ ഇടപെടലുകൾ നടത്തുക തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.
