പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷം: മധുരവിതരണവുമായി മാനന്തവാടി യൂണിറ്റ്
മാനന്തവാടി: കേരള സർക്കാർ കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന് മാനന്തവാടി കെ.എസ്.ആർ.ടി.സി. യൂണിറ്റിൽ തുടക്കമായി. മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഉഷാ വിജയൻ മധുരപലഹാരം വിതരണം ചെയ്‌ത് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്ത്രീജനങ്ങളുടെ യാത്രാക്കൂലിയിൽ ലഭിക്കുന്ന ലാഭം അവരുടെ കുടുംബ ബജറ്റിന് ആശ്വാസമേകുകയും അതുവഴി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് എം.എൽ.എ പറഞ്ഞു. സാധാരണ കുടുംബങ്ങൾക്ക് യാത്രാച്ചെലവിലുണ്ടാകുന്ന കുറവ് വലിയ സാമ്പത്തിക സഹായമാണ്. സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദവും താങ്ങാനാകുന്നതുമായ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും സാമൂഹിക പുരോഗതിക്കും പദ്ധതി സഹായകരമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
മാനന്തവാടി കെ.എസ്.ആർ.ടി.സി. യൂണിറ്റിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മധുരപലഹാരം വിതരണം ചെയ്തുതു. കെ.എസ്.ആർ.ടി.സിക്കുവേണ്ടി സൂപ്രണ്ട് സുധീർ റാം നന്ദി രേഖപ്പെടുത്തി.
