വയനാട്ടിൽ ജീവിതത്തിന് വേഗതയില്ല : അരുണ ആലഞ്ചേരി
കൽപറ്റ : തിരുവനന്തപുരത്തും കോഴിക്കോട്ടും ജീവിതത്തിന് അനുഭവപ്പെടുന്ന വേഗം വയനാട്ടിൽ ഇല്ലെന്ന് എഴുത്തുകാരിയും ചിത്രകാരിയുമായ അരുണ നാരായണൻ ആലഞ്ചേരി പറഞ്ഞു . കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം എം.പി. വീരേന്ദ്രകുമാർ ഹാളിൽ സംഘടിപ്പിച്ച എഴുത്തുകാരുമായി സംവദിക്കാം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. മറ്റു നഗരങ്ങളിലൊന്നും സമയം മനുഷ്യരെ കാത്തുനിൽക്കുന്നില്ല. അവിടങ്ങളിലൊക്കെ എപ്പോഴും എല്ലാവർക്കും തിരക്കാണ്. ഇവിടെ വയനാട്ടിൽ സമയം മനുഷ്യരെ കാത്തുനിൽക്കുന്നതായാണ് അനുഭവം.
കുട്ടിക്കാലം തൊട്ടേ വയനാടിൻ്റെ പ്രകൃതിഭംഗി ഏറെ ആകർഷിച്ചിരുന്നു. അതുപോലെത്തന്നെ ഇവിടത്തെ മനുഷ്യരും. മനുഷ്യസ്നേഹം വയനാടൻ മണ്ണിൽ നിന്ന് ആവോളം അനുഭവിച്ചറിഞ്ഞു.
തറയിൽ ചോക്കു കൊണ്ടു വരച്ചായിരുന്നു ചിത്രരചനയിലെ തുടക്കം. അച്ഛനുമമ്മയുമായിരുന്നു ചിത്രരചനയിലും എഴുത്തിലും പ്രചോദനം നൽകിയത്-അരുണ നാരായണൻ ആലഞ്ചേരി പറഞ്ഞു.
എഴുത്തുകാരൻ ബാലൻ വേങ്ങര അധ്യക്ഷനായി. കവയിത്രികളായ ഗംഗാശ്യാം, റാലിമബിജു, ഷീമ മഞ്ചാൻ, നോവലിസ്റ്റ് ജോയ് പാലക്കാമൂല, ടി.എസ്. സൂര്യനന്ദൻ, പി.വി. വിജയൻ, പി . അനിത, കെ.എ. അംബുജാക്ഷി, എ.വി. ദീപ, പി . അനിത, ഐ. ഉഷ, ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ എന്നിവർ സംസാരിച്ചു
