കൃഷ്ണൻ നായർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണം
മേപ്പാടി: തോട്ടം മേഖലയിലെ വിഷയങ്ങൾ പഠിക്കുന്നതിന് ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പിലാക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
റിപ്പോർട്ടിൽ തൊഴിലാളികൾക്ക് അനുകൂലമായി പറഞ്ഞിട്ടുള്ള കാലോചിതമായ കൂലി വർധനവ്, ലയങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക, ഇ എസ് ഐ സമ്പ്രദായം നടപ്പിലാക്കുക, ഭവന പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഒ. ഭാസ്കരൻ, ആർ. ശ്രീനിവാസൻ,ആർ. രാമചന്ദ്രൻ, ടി എ മുഹമ്മദ്, എൻ കെ സുകുമാരൻ, ശശി അച്ചൂർ, എം നോറിസ്, ഇന്ദിര എരുമക്കൊല്ലി, വിനിമോൾ എന്നിവർ സംസാരിച്ചു
