Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

നിർധന വൃക്കരോഗികൾക്ക് കൈത്താങ്ങായി പുൽപ്പള്ളി റോട്ടറി ക്ലബ്ബിന്റെ ‘കിഡ്നി കെയർ’; മാതൃകയായി പോൾ വി. ടോം

പുൽപ്പള്ളി: സാമ്പത്തിക ബുദ്ധിമുട്ട് മൂലം ദുരിതമനുഭവിക്കുന്ന നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം എത്തിക്കുന്നതിനായി പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ്ബിന്റെ അനേതൃത്വത്തിൽ ആരംഭിച്ച ‘കിഡ്നി കെയർ ചാരിറ്റബിൾ ട്രസ്റ്റ്’ കാരുണ്യത്തിന്റെ പുതിയ മാതൃകയാകുന്നു. റോട്ടറി ക്ലബ് മുൻ പ്രസിഡന്റും മരകാവ് സ്വദേശിയുമായ പോൾ വി. ടോമിന്റെ ആശയത്തിൽ നിന്നുമാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്.

തന്റെ പിതാവ് ടോമി വടക്കാഞ്ചേരിക്ക് വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ്, സാധാരണക്കാരായ രോഗികൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പോൾ ചിന്തിക്കുന്നത്.

നിർധനരായ രോഗികളെ സഹായിക്കണമെന്ന പിതാവിന്റെ ആഗ്രഹവും ആശയവും പോൾ റോട്ടറി ക്ലബ്ബിൽ അവതരിപ്പിക്കുകയായിരുന്നു.

തുടർന്ന് ക്ലബ് അംഗങ്ങളുടെ പിന്തുണയോടെ ഈ പദ്ധതിക്ക് രൂപം നൽകി. ഐ.സി. ബാലകൃഷ്ണൻ എം. എ ൽ. എ കിഡ്നി കെയർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു .

നിലവിൽ 9 നിർധന രോഗികൾക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് സഹായം നൽകിവരുന്നുണ്ട്.

ഒരു വൃക്കരോഗിക്ക് മാസത്തിൽ 13 മുതൽ 14 വരെ ഡയാലിസിസ് ആവശ്യമായി വരാറുണ്ട്. ഒരു ഡയാലിസിസിന് 1,000 രൂപ നിരക്കിൽ ഒരു രോഗിക്ക് പ്രതിമാസം 13,000 മുതൽ 14,000 രൂപ വരെ ചെലവ് വരും. ഈ തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രോഗികൾക്കായി, ഓരോ ഡയാലിസിസിന്റെയും തുകയായ 1,000 രൂപ വീതം സ്പോൺസർ ചെയ്തുകൊണ്ട് റോട്ടറി ക്ലബ് അംഗങ്ങളും നിരവധി സുമനസ്സുകളും ഈ കാരുണ്യയാത്രയിൽ പങ്കാളികളാകുന്നു.

പിതാവിന്റെ വേർപാടിന് ശേഷവും അദ്ദേഹം പകർന്നുനൽകിയ ജീവകാരുണ്യ സന്ദേശം നെഞ്ചിലേറ്റിയാണ് പോൾ വി. ടോം ഈ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

റോട്ടറി ക്ലബ് പ്രസിഡന്റ് വി.ആർ. സതീഷിന്റെയും , സെക്രട്ടറി അരുൺ ജോസി ന്റെയും, റോട്ടറി ക്ലബ് അംഗങ്ങളുടെയും പിന്തുണയോടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.

പോളിന്റെ മാതാവ് എൽസി, ഭാര്യ ടെസ്ലിൻ, മക്കളായ തോമസ് പോൾ, എൽസ മരിയ, അഡോണ മരിയ എന്നിവരും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

അനേകം വൃക്കരോഗികൾക്ക് വലിയൊരു ജീവിത പ്രതീക്ഷയാണ് പോൾ വി.ടോമിന്റെ ആശയത്തിൽ ഉദിച്ച ഈ പദ്ധതി .

Leave a Reply

Your email address will not be published. Required fields are marked *