Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsUncategorized

ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാം; ടിക്കറ്റ് വെക്കുന്നവർക്ക് മാത്രം നിയന്ത്രണമെന്ന് മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസവാർത്തയുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. ഫിഫ ലോകകപ്പ് മത്സരങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ടിക്കറ്റ് വെച്ച് വാണിജ്യാടിസ്ഥാനത്തിൽ പ്രദർശനം നടത്തുന്നവർക്ക് മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് ഫുട്‌ബോള്‍ പ്രദര്‍ശനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ആശങ്ക ആരാധകര്‍ പങ്കുവെച്ചിരുന്നു. സീ എന്റടെയിന്‍മെന്റ്, സീ 5, ഈഗിള്‍സ് ക്ലബ് എന്നിവര്‍ ഈ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. പ്രദര്‍ശനം നടത്തുന്നവര്‍ ഈഗിള്‍സ് ക്ലബ് വെബ്‌സൈറ്റിന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കായിക പ്രേമികള്‍ ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങള്‍ നടക്കുമെന്നും കേരളത്തില്‍ മാത്രമാണ് ഇതിനുള്ള അവസരമുള്ളതെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

ലോകകപ്പ് പൊതുപ്രദര്‍ശനത്തിന് മുന്‍കൂര്‍ അനുമതിയും ലൈസന്‍സും നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വമ്പന്‍ കമ്പനികളൊരുക്കുന്ന ഫാന്‍ പാര്‍ക്കുകളില്‍ ആളെ കൂട്ടാനുള്ള പുതിയ തീരുമാനമാണ് ഇതെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം.

പൊതു ഇടങ്ങളില്‍ ലോകകപ്പ് പ്രദര്‍ശനത്തിന് ഫിഫ ലൈസന്‍സ് വേണമെന്നും അതിന് വന്‍ തുക ഫീസ് അടയ്ക്കണമെന്നുമാണ് നിര്‍ബന്ധമാക്കിയിരുന്നത്. തുക അടയ്ക്കാത്ത പക്ഷം ആന്റി-പൈറസി നിയമത്തില്‍ ഉള്‍പ്പെടുത്തി ഇത്തരം പൊതു പ്രദര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും താക്കീത് നല്‍കിയിരുന്നു. 2026 മുതല്‍ ഇന്ത്യയില്‍ ഫിഫ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണ പങ്കാളി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസാണ്. കേരളത്തിലും മാഹിയിലും ഔദ്യോഗിക പബ്ലിക് വ്യൂയിംഗ് പരിപാടികള്‍ ഏകോപിപ്പിക്കുകയും ലൈസന്‍സിങ് സൗകര്യം നല്‍കുകയും ചെയ്യുന്നത് ഷാഫി മേത്തറിന്റെ ഉടമസ്ഥതയിലുള്ള ഈഗിള്‍സ് എഫ്സി കേരളയുമാണ്. കമ്പനികളുടെ തീരുമാനം ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *