40,000 രൂപവരെ വരുമാനം പ്രഖ്യാപിച്ചിട്ടും മാലിന്യശേഖരണത്തിന് ഹരിതകർമസേനയിൽ ആൾക്ഷാമം
കാസർകോട് ∙ നഗരത്തിലെ മാലിന്യം നീക്കംചെയ്ത് ക്ലീൻ കേരളയ്ക്കു കൈമാറിയാൽ 40,000 രൂപവരെ വരുമാനം. എന്നാൽ നഗരസഭാ പരിധിയിലെ മാലിന്യം നീക്കംചെയ്ത് ഈ വരുമാനം നേടാൻ ആവശ്യമായ അംഗങ്ങളെ കിട്ടാതെ ഹരിതകർമ സേന. കാസർകോട് നഗരസഭയിലെ 39 വാർഡുകളിലായി 78 പേർ വേണം. എന്നാൽ ആകെയുള്ളത് 42 പേർ. ഒരു വാർഡിൽ രണ്ടുപേർ വേണമെന്നതാണ് കണക്ക്. 36 പേരുടെ കുറവുണ്ട്. ഇതു കാരണം പല വാർഡുകളിലും മന്ദഗതിയിലാണ് മാലിന്യനീക്കം. പ്ലാസ്റ്റിക്, കുപ്പി, ചില്ല,് ബാഗ്, തുണി തുടങ്ങിയ വിവിധ സാധനങ്ങളാണ് ശേഖരിച്ചു തരംതിരിച്ച് ക്ലീൻ കേരളയ്ക്കു കൈമാറേണ്ടത്. ഇപ്പോൾ മറ്റു വാർഡുകളിലെ ഹരിതകർമ സേന അംഗങ്ങളാണ് വിവിധ വാർഡുകളിൽ മാലിന്യം നീക്കംചെയ്യുന്നത്.
നെല്ലിക്കുന്ന്, കടപ്പുറം, ഫോർട്ട് റോഡ്, തായലങ്ങാടി, തെരുവത്ത്, കടവത്ത്, തളങ്കര തുടങ്ങിയ 18 വാർഡുകളിൽ ഹരിതകർമ സേന അംഗങ്ങളില്ല. മഴക്കാലം വരുന്നതോടെ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാകുക വഴി കൊതുക്, രോഗ വ്യാപനത്തിനു ഇടയാകും. നഗരസഭയിലെ 39 വാർഡുകളിലായി മാലിന്യം നീക്കുന്നതുവഴി പ്രതിമാസം ഏഴര ലക്ഷം രൂപയുടെ വരുമാനമുണ്ട് ഹരിതകർമസേനയ്ക്ക്. ഒരു അംഗത്തിനു ചുരുങ്ങിയത് 10,000 രൂപ ലഭിക്കും.
സ്പോൺസർ വഴി നഗരസഭയ്ക്കു നൽകിയ ടെംപോ റിക്ഷ സ്വയം ഓടിച്ചു മാലിന്യം ശേഖരിച്ചുk തരംതിരിച്ചു ക്ലീൻ കേരളയ്ക്കു നൽകുന്ന ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി ഗായത്രി കിണിക്കു പ്രതിമാസം 40,000 രൂപ വരെ ലഭിക്കുന്നുണ്ട്. മാലിന്യ ശേഖരണത്തിനു 30,000 രൂപയും തരംതിരിച്ചു നൽകുന്നതിനു 10,000 രൂപയും. കറന്തക്കാട് ടൗൺ ഭാഗത്താണ് ഇവരുടെ സേവനം. മാലിന്യം ശേഖരിക്കുന്നതിനനുസരിച്ചാണ് വരുമാനം. ആഴ്ചതോറും മാലിന്യം ശേഖരിക്കുന്നവർക്ക് വലിയ തുക കിട്ടുന്നുണ്ടെന്ന് ഗായത്രി പറഞ്ഞു.
നെല്ലിക്കുന്ന് സ്വദേശിനി ജയശീലയാണ് നഗരസഭാ പരിധിയിൽ സ്വയം റിക്ഷ ടെംപോ ഓടിച്ചു മാലിന്യം ശേഖരിച്ചു തരംതിരിച്ചു നൽകി വരുമാനം നേടുന്ന മറ്റൊരു ഹരിതകർമ സേനാംഗം. നഗരസഭാ ഹരിതകർമ സേനയ്ക്ക് 3 വാഹനമാണുള്ളത്. ശേഷിച്ച ഒരു വാഹനം ഡ്രൈവറെ വച്ചാണ് ഓടിക്കുന്നത്…..
