Feature NewsNewsPopular NewsRecent News

ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയിലും വനിതകൾക്ക് സൗജന്യയാത്ര; പ്രത്യേകം കാർഡ് വേണ്ട: മന്ത്രി

ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയിലും വനിതകൾക്ക് സൗജന്യയാത അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സ്ത്രീകൾക്ക് സീറോ ടിക്കറ്റ് നൽകും. എല്ലാവരും ടിക്കറ്റു വാങ്ങണം. സ്വകാര്യ ബസുകളെ നശിപ്പിക്കുക ലക്ഷ്യമല്ല .ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന തീരുമാനമായിരിക്കും ഇത്. എല്ലാ സ്ത്രീകൾക്കു യാത്ര സൗജന്യമായിരിക്കും. പ്രത്യേകം കാർഡ് ആവശ്യമില്ല. 15 ന് മുഖ്യമന്ത്രി തമ്പാനൂരിൽ ഉദ്ഘാടനം നിർവഹിക്കും. ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകൾ ആയിരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ആദ്യ 100 ദിവസത്തിനു ശേഷം വിശദമായ പഠനം നടത്തി രണ്ടാംഘട്ടത്തിൽ ഫാസ്‌റ്റ് പാസഞ്ചർ ബസുകളിലും നടപ്പാക്കിയേക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യയാത അനുവദിക്കും.

ഓർഡിനറി ബസുകളിൽ പദ്ധതി
നടപ്പാക്കുമ്പോൾ പ്രതിവർഷം 712 കോടി
രൂപയും എല്ലാ ബസുകളിലും
നടപ്പാക്കുകയാണെങ്കിൽ 1300 കോടി
രൂപയും ബാധ്യതയുണ്ടാകുമെന്നു മന്ത്രി
പറഞ്ഞു. പെൻഷനും ശമ്പളവും നൽകാൻ
സർക്കാർ 125 കോടി രൂപ പ്രതിമാസം
കെഎസ്ആർടിസിക്കു നൽകുന്നുണ്ട്.
സൗജന്യയാത്ര പദ്ധതിക്കു വേണ്ട
സാമ്പത്തിക സഹായം സർക്കാർ നൽകും.
എപിഎൽ, ബിപിഎൽ വേർതിരിവില്ലാതെ
എല്ലാ വനിതകൾക്കും പദ്ധതിയുടെ
ആനൂകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

മറ്റു വരുമാന സ്രോതസ്സുകൾ കണ്ടെത്തും

വനിതകൾക്കു സൗജന്യയാത്ര പദ്ധതി നടപ്പാക്കുമ്പോൾ വരുന്ന അധിക സാമ്പത്തിക ബാധ്യത നികത്താൻ സർക്കാർ മറ്റു വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ഇത് പഠിക്കാൻ ധനവകുപ്പിനെ ചുമതലപ്പെടുത്തി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പാക്കിയാൽ പ്രതിമാസം 55 മുതൽ 60 കോടി രൂപ വരെയാണു കെഎസ്ആർടിസിക്കു സർക്കാർ സാമ്പത്തിക സഹായം നൽകേണ്ടത്. കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കണമെന്ന ആവശ്യം ഉന്നതതല യോഗത്തിലും ചർച്ചയായി. കെഎസ്ആർടിസി, കെടിഡിഎഫ്സി എന്നിവയുടെ ഉടമസ്‌ഥതയിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശിച്ചു. കെടിഡിഎഫ്സിയെ മികച്ച നോൺ-ബാങ്കിങ് ധനകാര്യ സ്‌ഥാപനമായി വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബസ്സ്റ്റാൻഡ് കെട്ടിടങ്ങളിൽ യാത്രക്കാർക്ക് ഡോർമിറ്ററി ഉൾപ്പെടെ താമസസൗകര്യം ഒരുക്കുക, ടിക്കറ്റ് എടുക്കുമ്പോൾ തന്നെ താമസം ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുക, ബുക്കിങ് ആപ്പിലും ബസിലെ സീറ്റുകളുടെ പിന്നിലും പരസ്യം അനുവദിക്കുക, ബസ് സ്‌റ്റാൻഡുകളിൽ കൂടുതൽ പരസ്യ ബോർഡുകൾ സ്‌ഥാപിക്കുക, കടമുറികളുടെ വാടക കൃത്യമായി ഈടാക്കുക, കടമുറി വാടകയ്ക്കു പോകാത്ത സ്ഥലങ്ങളിൽ നിരക്കു കുറയ്ക്കുക തുടങ്ങിയ മുൻ നിർദേശങ്ങൾ ഇതുവരെ നടപ്പായിട്ടില്ല. ബജറ്റ് ടൂറിസത്തിൽനിന്ന് വരുമാനമുണ്ടെങ്കിലും പുതിയ ബസുകൾ വേണ്ടിവരും. എസി ബസിൽ യാത്രക്കാരുണ്ടെങ്കിലും ആവശ്യത്തിനു ബസുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *