Feature NewsNewsPopular NewsRecent News

വാതിൽപ്പടി വിതരണ സംവിധാനം തുടങ്ങാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ആലോചനയിൽ

കൊച്ചി: റേഷന്‍ കടകളിൽ എത്താൻ സാധിക്കാത്തവര്‍ക്ക്‌ ആവശ്യമായ സാധനങ്ങൾ വീട്ടുപടിക്കല്‍ എത്തിക്കുന്ന വാതിൽപ്പടി വിതരണ സംവിധാനം തുടങ്ങാൻ ഭക്ഷ്യ- പൊതുവിതരണ വകുപ്പ്. ഇത് സംസ്ഥാന സർക്കാറിന്റെ കർമപദ്ധതിയുടെ ഭാഗമാണെന്ന് വകുപ്പുമ​ന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

പൊതുവിതരണം സാമ്പത്തിക ബാധ്യതയും മറ്റു പ്രശ്‌നങ്ങളും ബാധിക്കാത്ത തരത്തില്‍ കൊണ്ടുപോവുക​യെന്ന ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. അര്‍ഹരായ എല്ലാ ഗുണഭോക്‌താക്കള്‍ക്കും മുന്‍ഗണനാക്രമത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നീക്കം ആരംഭിക്കുമെന്നും മന്ത്രി കൊച്ചിയിൽ നടന്ന മീറ്റ് ദ പ്രസിൽ വ്യക്തമാക്കി.

ശരിയായ മാര്‍ക്കറ്റ്‌ തന്ത്രം പ്രയോജനപ്പെടുത്തി സപ്ലൈകോയുടെ പുനരുജ്ജീവനവും സർക്കാർ ലക്ഷ്യമിടുന്നു. വൈവിധ്യവൽകരണത്തിലൂടെയും വിപുലമായ ഔട്ട്‌ലെറ്റ്‌ ശൃംഖലയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയും സുസ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കാന്‍ സപ്ലൈകോയോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

എല്ലാ ജില്ലകളിലെയും പ്രമുഖ സ്‌റ്റോറുകളെ സിഗ്‌നേച്ചര്‍ മാര്‍ട്ടുകളായി വികസിപ്പിക്കുന്നതിനുള്ള പൈലറ്റ്‌ പ്രോജക്‌ട് ആസൂത്രണം ചെയ്‌തു. പുതിയ കാലത്തെ വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍വീനിയന്‍സ്‌ സ്‌റ്റോറുകളും പരിഗണനയിലാണ്.

ഓണക്കാലത്ത്‌ സമഗ്ര വ്യാപാരമേളകള്‍ സംഘടിപ്പിക്കും. ഓണത്തിന്‌ കുറഞ്ഞത്‌ 20 ദിവസം മുമ്പെങ്കിലും മേളകള്‍ ആരംഭിക്കാൻ കഴിയണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. സബ്‌സിഡി ഇനങ്ങളില്‍ മാത്രം ഒതുങ്ങാതെ അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്‌തൃ വസ്‌തുക്കളും ഉള്‍പ്പെടുത്തിയാകും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ സമഗ്ര വ്യാപാരമേളകള്‍ ഒരുക്കുക. ജില്ലതലങ്ങളിലും നിയമസഭ മണ്ഡലതലങ്ങളിലും വ്യാപാരമേളകൾ ലക്ഷ്യമിടുന്നു.

അതേസമയം, 2016 മുതല്‍ പത്ത്‌ വര്‍ഷം 13 സബ്‌സിഡി ഇനങ്ങളുടെ വില പരിഷ്‌കരിക്കാതിരുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാർ തീരുമാനം ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന് അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. സിവില്‍ സപ്ലൈസ്‌ വകുപ്പിനും അതിന്റെ മാര്‍ക്കറ്റ്‌ ഇന്റര്‍വെന്‍ഷന്‍ വിഭാഗമായ സപ്ലൈകോക്കുമായി ഏകദേശം 3,000 കോടി രൂപയുടെ ബാധ്യതയാണുളളത്. ഇത് സപ്ലൈകോയുടെ വിപണി ഇടപെടല്‍ ശേഷിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *