പോഷക സമൃദ്ധ തലമുറയ്ക്കായി പനമരത്ത് മാതൃകാ പദ്ധതി
പനമരം:കുട്ടികളിലെ വളര്‍ച്ചയ്ക്കും ഭൗതിക വികാസത്തിനും പ്രതികൂലമായി ബാധിക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ആരോഗ്യപരമായ ഇടപെടല്‍ നടത്തി ആരോഗ്യ വികസനത്തിന് അടിത്തറ ഒരുക്കുകയാണ് പനമരം ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്തില്‍ 2024- ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച നൂതന പദ്ധതി നിരവധി കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്ക് സഹായകരമായി. ഗോതമ്പ്, കടല, നിലക്കടല, ശര്‍ക്കര, ചോളം കശുവണ്ടി, ഉണക്ക മുന്തിരി, ഏലം, ചെറുപയര്‍, ഉഴുന്നുപരിപ്പ്, നെയ്യ് തുടങ്ങിയ പോഷകാഹാരങ്ങളാണ് പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത്.
പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ശിശു വികസന സേവന പദ്ധതിയുടെ നേതൃത്വത്തില്‍ കണിയാമ്പറ്റ, പനമരം, പുല്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ കുട്ടികളുടെ പോഷകാവസ്ഥ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കുകയാണ് പദ്ധതിയിലൂടെ. ഡോക്ടര്‍മാര്‍, ശിശുരോഗ വിദഗ്ധര്‍, ആര്.ബി.എസ്.കെ നഴ്സുമാര്‍, ഡയറ്റീഷന്മാര്, ന്യൂട്രിഷനിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്തി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തുന്നത്.
ആദ്യഘട്ടത്തില്‍ ബ്ലോക്കിന് കീഴില്‍ പോഷകാഹാര കുറവുള്ള 51 കുട്ടികളെ കണ്ടെത്തി. ശിശുരോഗ വിദഗ്ധര്‍ നിര്‍ദേശിച്ച പ്രത്യേക ഭക്ഷണ ക്രമം അനുസരിച്ച് കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കുകയാണ്. പോഷകാഹാരം വിതരണത്തിന് മുമ്പും ശേഷവും കുട്ടികളുടെ ഉയരം, ശരീരഭാരം, പ്രതിരോധശേഷി തുടങ്ങിയ ഘടകങ്ങള്‍ ഓരോ മാസവും പരിശോധിച്ചാണ പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നത്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി കൂടുതല്‍ വിപുലമായി നടപ്പാക്കുന്നതിന് പനമരം ബ്ലോക്ക്പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. മെഡിക്കല്‍ ക്യാമ്പ് മുഖേന കണ്ടെത്തിയ പോഷകാഹാരക്കുറവുള്ള 82 കുട്ടികളാണ് പദ്ധതി ഗുണഭോക്താക്കള്‍. ഈ മാസം മുതല്‍ കുട്ടികള്‍ക്ക് പോഷകാഹാര വിതരണം ആരംഭിക്കും. കുട്ടികളുടെ ആരോഗ്യ വളര്‍ച്ച ഉറപ്പാക്കാന്‍ തുടര്‍ച്ചയായി ആറ് മാസം പോഷകാഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം.
