Event More NewsFeature NewsNewsPoliticsPopular NewsRecent News

വീടുകളുടെ നറുക്കെടുപ്പിന് തിയതി നിശ്ചയിക്കണം: ഉരുൾ ദുരന്ത ബാധിതർ

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ നറുക്കെടുപ്പിനും ഭൂരേഖ വിതരണത്തിനും സര്‍ക്കാര്‍ തിയതി പ്രഖ്യാപിക്കണമെന്ന് ഗുണഭോക്തൃ കുടുംബങ്ങളുടെ പ്രതിനിധികളായ വിജയന്‍ മഠപ്പുര, കെ.എസ്. ശിവാനന്ദന്‍, പി. പ്രദീപ്, പി.എച്ച്്. മുഹമ്മദലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുനരധിവാസ പദ്ധതി രണ്ടാംഘട്ടത്തില്‍
156 കുടുംബങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടം ഭവനനിര്‍മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് നിയോജകമണ്ഡലം എംഎല്‍എയുമായ കൃഷി മന്ത്രി ടി. സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ വീടുകളുടെ നറുക്കെടുപ്പ് എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കിയില്ല. ഭവനങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയായതിനുശേഷമേ നറുക്കെടുപ്പ് ഉണ്ടാകൂവെന്നാണ് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാനായത്. ടൗണ്‍ഷിപ്പില്‍ വീടുകളുടെ നിര്‍മാണം മന്ദഗതിയിലാണ്. നേരത്തേ ദിവസം രണ്ടായിരത്തോളം പേര്‍ ജോലി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ അറുനൂറോളം തൊഴിലാളികളാണുള്ളത്. പ്രവൃത്തി ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ മന്ത്രി പറഞ്ഞതുപോലാകില്ല കാര്യങ്ങള്‍. ആവശ്യത്തിന് തൊഴിലാളികളെ എത്തിച്ച് പ്രവൃത്തി വേഗത്തിലാക്കാന്‍ കരാര്‍ സ്ഥാപനത്തിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കണം.
ദുരന്തബാധിതര്‍ക്ക് കഴിഞ്ഞ മാസത്തെ വീട്ടുവാടക, ദിനബത്ത, ഭക്ഷ്യക്കൂപ്പണ്‍ എന്നിവ ഒക്ടോബര്‍ രണ്ടാംപകതിയായിട്ടും ലഭിച്ചില്ല. 287 പേര്‍ക്കാണ് വീട്ടുവാടക കിട്ടാനുള്ളത്. 1,556 പേര്‍ക്കാണ് ദിനബത്തയ്ക്ക് അര്‍ഹത. 858 പേര്‍ക്കാണ് ഭക്ഷ്യക്കൂപ്പണ്‍ ലഭിക്കേണ്ടത്.
വാടകവീടുകളില്‍ കഴിയുന്ന ദുരന്തബാധിതരില്‍ പലരും പ്രയാസത്തിലാണ്. വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നവരും കൂടുതല്‍ വാടക ചോദിക്കുന്നവരും ഉടമകള്‍ക്കിടയിലുണ്ട്. മൈക്രോ പ്ലാനില്‍ സംരംഭങ്ങള്‍ ആരംഭിക്കന്നതിന് ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായം യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുനരധിവാസ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ഇത് കിട്ടിയില്ല. ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ ഏറ്റെടുക്കുന്നതിലും വ്യക്തതയായില്ല. നിരവധിയാളുകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാനുണ്ടെന്നും ദുരന്തബാധിതരുടെ പ്രതിനിധികള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *