Event More NewsFeature NewsNewsPoliticsPopular NewsRecent News

പത്മപ്രഭാ സ്മ‌ാരകപുരസ്കാ രം ആർ. രാജശ്രീക്ക് സമ്മാനിച്ചു

കൽപറ്റ: വ്യത്യസ്തമായ ഭാവുകത്വവും ശൈലിയും സമന്വയിപ്പിച്ച് മലയാള സാഹിത്യത്തിൽ അതിവേഗം സ്വയം അടയാളപ്പെടുത്തിയ എഴുത്തുകാരി ആർ. രാജശ്രീക്ക് പത്മപ്രഭാ സ്മാരകപുരസ്കാരം സമ്മാനിച്ചു. പുളിയാർമല കൃഷ്ണഗൗഡർ ഹാളിലെ ചടങ്ങിൽ ശശി തരൂർ എം.പിയാണ് 75000 രൂപയും പത്മരാഗക്കല്ലും പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം സമ്മാനിച്ചത്.
എം.കെ. പത്മപ്രഭാ ഗൗഡരും ആർ. രാജശ്രീയും മുന്നോട്ടുവയ്ക്കുന്ന ആശയം ഒന്നു തന്നെയാണെന്ന് ശശി തരൂർ എം.പി. പറഞ്ഞു. വായനയിലൂടെ ലോകത്തെ അറിഞ്ഞയാളാണ് പത്മപ്രഭാ ഗൗഡർ. സോഷ്യലിസം അദ്ദേഹത്തിന് ഒരു മുദ്രാവാക്യമോ ഐഡിയോളജിയോ മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യരെ കാണാനുള്ള രീതിയായിരുന്നു. തോട്ടം തൊഴിലാളികൾക്കൊപ്പം നിന്ന് അവരുടെ ഓരോ ആവശ്യത്തിനുംവേണ്ടി വാദിച്ചു. ഭൂമിയില്ലാത്ത കർഷകർക്കൊപ്പം നിലകൊണ്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ നൂൽപ്പുഴ സമരമൊക്കെ പ്രസിദ്ധമാണ്. ഒരു മനുഷ്യനും അധികമല്ലെന്നും എല്ലാവരും അത്യാവശ്യമുള്ളവരുമാണെന്നുമാണ് പത്മപ്രഭാ ഗൗഡർ സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്തത്. രാജശ്രീയും അവരുടെ എഴുത്തുകളും പറയുന്നതും ഇതുതന്നെയാണ്. മലയാളം പഠിപ്പിക്കുന്നവർ എഴുതുമ്പോൾ അത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. പുസ്തകപ്രേമിയായിരുന്ന പത്മപ്രഭാ ഗൗഡരുടെ പേരിലേർപ്പെടുത്തിയ പുരസ്കാരം അർഹമായ കൈകളിലേക്കാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തിൽ പൂർവ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ആളാണ് താനെന്ന് പുരസ്കാരം സ്വീകരിച്ച ആർ. രാജശ്രീ പറഞ്ഞു. ആത്മവിശ്വാസം കുറവായ ഞാൻ ആദ്യനോവലായ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ ഫേസ്ബുക്കിലാണ് എഴുതി തുടങ്ങിയത്. ദശരഥന്റെ തേരിന്റെ ചക്രം ഇളകിപ്പോയപ്പോൾ കൈകേയി അവിടെയൊരു വിരൽ വെച്ചിട്ട് ആ ചക്രം ഫിറ്റ് ചെയ്തു കൊടുത്തതുപോലെ ഇളകിത്തെറിച്ചു പോകാൻ പോയ എന്റെ ആത്മവിശ്വാസമെന്ന രഥചക്രങ്ങൾക്കിടയിലേക്കാണ് മാതൃഭൂമി അവരുടെ വിരൽ വയ്ക്കുന്നത്. അത് ഞാൻ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് എനിക്ക് കിട്ടിയിട്ടുള്ള പിന്തുണയായിരുന്നുവെന്നും അവർ പറഞ്ഞു.
പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ്കുമാർ അധ്യക്ഷത വഹിച്ചു. മുപ്പതുവർഷമായി നൽകിവരുന്ന പുരസ്കാര സമർപ്പണത്തിനു വയനാട്ടിലെ ജനങ്ങളുടെ വലിയ സഹകരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ച് സാധാരണക്കാരുടെ അവകാശങ്ങൾക്കായി പത്മപ്രഭാ ഗൗഡർ പോരാടി. എട്ടാം ക്ലാസ് വരെ മാത്രമാണ് പഠിച്ചതെങ്കിൽക്കൂടി വലിയ വായനാശീലമുണ്ടായിരുന്ന അദ്ദേഹത്തിന്. തത്വശാസ്ത്രത്തില് വലിയ ഗ്രാഹ്യമുണ്ടായിരുന്ന പദ്മപ്രഭാ ഗൗഡർ ഓരോ മനുഷ്യനും ഒരു പ്രപഞ്ചമാണെന്ന തത്വശാസ്ത്രം മകനായ എം.പി. വീരേന്ദ്രകുമാറിന് പകർന്നു നൽകിയ അനുഭവവും അദ്ദേഹം പങ്കുവച്ചു.

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അനുഗ്രഹപ്രഭാഷണം നടത്തി. കുടുംബത്തിലെ ഉത്സവം എന്ന രീതിയിലാണ് പത്മപ്രഭാ സ്മാരപുരസ്കാരത്തെ കാണുന്നതെന്നു പറഞ്ഞ അദ്ദേഹം പ്രഥമ പത്മപ്രഭാ പുരസ്കാര സമർപ്പണത്തിനുള്ള പത്മരാഗക്കല്ല് ഡൽഹിയിൽനിന്നു വാങ്ങിയ കാര്യവും എം.പി. വീരേന്ദ്രകുമാറിനൊപ്പം ചെലവഴിച്ച മുഹൂർത്തങ്ങളും അനുസ്മരിച്ചു. മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. എഴുത്തുകാരായ എസ്. സിതാര, ഒ.കെ. ജോണി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. സുധീർ സ്വാഗതവും ജനറൽ കൺവീനർ ഡോ. കെ.ടി. അഷ്റഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *