പോളിങ് സ്റ്റേഷനുകളിൽഅടിസ്ഥാന സൗകര്യങ്ങൾപൂർ ത്തിയാക്കണം
കൽപറ്റ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ ഡി. സജിത് ബാബു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. ഇന്റര്‍നെറ്റ്, വൈദ്യുതി, ഫാൻ, ലൈറ്റ്, റാംപ്, ശുചിമുറി, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത പോളിങ് സ്റ്റേഷനുകള്‍ മാറ്റി പുതിയത് കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കാനുള്ള നടപടികൾ പരിഗണനയിലുണ്ടെന്നും ഡോ. ഡി. സജിത് ബാബു പറഞ്ഞു. പുതിയ വോട്ടറെ ചേർക്കൽ, വിലാസം തിരുത്തൽ ഉള്‍പ്പെടെ ജില്ലയിലെ മുഴുവൻ അപേക്ഷകളും ഒക്ടോബർ 15 ന് അകം തീർപ്പാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ വി ചെല്‍സസിനി ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.
സബ് കലക്ടര്‍ അതുല്‍ സാഗര്‍, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി.വി സുധീഷ്, ഇ.ആര്.ഒ മാരായ കെ മനോജ് കുമാര്‍, പി.വി മുരളി, തഹസിൽദാർമാരായ ഉമറലി പാറച്ചോടന്‍, വി.ആര് ജയപ്രകാശ്, എം.സി രാകേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു
