Event More NewsFeature NewsNewsPoliticsPopular NewsTrending NewsUncategorizedWorldഇന്ത്യ

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: ലക്കിടിയിൽ കെവിവിഇഎസ് ഉപവാസം 28ന്

കല്‍പ്പറ്റ: വ്യാപാര്യ വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ലക്കിടിയില്‍ ഉപവസിക്കും. താമരശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും റോഡിന്റെ ശോച്യാവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണുക, ചിപ്പിലിത്തോട്-തളിപ്പുഴ ചുരം ബൈപാസ് യഥാര്‍ഥ്യമാക്കുക, തുരങ്കപാത നിര്‍മാണം പുനരാരംഭിക്കുക, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ പാത നിര്‍മിക്കുക, പക്രന്തളം, ബോയ്‌സ് ടൗണ്‍, പേര്യ ചുരം റോഡുകള്‍ വീതികൂട്ടി നവീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനയ്ക്കല്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷൈജല്‍ കുന്നത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെവിവിഇഎസ്, വനിതാവിംഗ്, യൂത്ത് വിംഗ് ജില്ലാ ഭാരവാഹികളടക്കം 100 ഓളം പേര്‍ ആദ്യന്തം ഉപവാസത്തില്‍ പങ്കെടുക്കും. ലക്കിടി യുപി സ്‌കൂള്‍ പരിസരത്തുനിന്ന് ജാഥയായി ചുരം പ്രവേശന കവാട പരിസരത്ത് എത്തിയാണ് സമരം ആരംഭിക്കുക. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ സമിതി യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനും ഇടയിലും ബത്തേരി നിയോജകമണ്ഡലത്തില്‍നിന്നുള്ളവര്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയും മാനന്തവാടി നിയോജകമണ്ഡലത്തില്‍നിന്നുള്ളവര്‍ ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം അഞ്ചിനും ഇടയിലും സമരവേദിയിലെത്തി അഭിവാദ്യം അര്‍പ്പിക്കും.
ചുരത്തിലെ ഗതാഗതക്കുരുക്ക് ജില്ലയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയാണ്. ടൂറിസം ഉള്‍പ്പെടെ മേഖലകളില്‍ ഇത് മുരടിപ്പിനു കാരണമാകുകയാണ്. വിനോദസഞ്ചാരികളുടെ വരവും ചരക്കുനീക്കവും വര്‍ധിച്ചിട്ടും ചുരം റോഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നില്ല. ഗതാഗതക്കുരുക്ക് വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചുരത്തിലെ മുടിപ്പിന്‍ വളവുകള്‍ വീതികൂട്ടുന്നതിനും റോഡരികില്‍ കൂട്ടിയിട്ട മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യുന്നതിനും ടാറിംഗ് പൊളിഞ്ഞ ഭാഗം നന്നാക്കുന്നതിനും ഇളകിയ ഇന്റര്‍ലോക് കട്ടകള്‍ ഉറപ്പിക്കുന്നതിനും റോഡിലെ കുഴികള്‍ നികത്തുന്നതിനും ഉത്തരവാദപ്പെട്ടവര്‍ താത്പര്യം കാട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് സമിതി സമരം തീരുമാനിച്ചത്. ചിപ്പിലിത്തോട്-തളിപ്പുഴ ചുരം ബൈപാസ് യഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി നവംബര്‍ അഞ്ചിന് ലക്കിടിക്കടുത്ത് നടത്തുന്ന റോഡ് ഉപരോധവുമായി സമിതി സഹകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *