ലഹരിക്കെതിരെ കൈകോർത്ത് കൽപറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ
കൽപറ്റ: ലഹരിവിരുദ്ധ സന്ദേശമുയർത്തി കൽപറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വയനാട് ജില്ലാ വിമുക്തി മിഷൻ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം എൻ.എസ്.എസ് പതാക ഉയർത്തുകയും ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.
“യുവാക്കളിലും വെള്ളക്കടലാസിലും എന്തും പകർത്താനാകും; അതിനാൽ മാനവിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് തെറ്റായ ലഹരികളോട് ഒറ്റക്കെട്ടായി ‘നോ’ പറയാൻ പുതുതലമുറ തയ്യാറാകണം,” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യൂണിറ്റിലെ 100 വൊളന്റിയർമാരെയും ചടങ്ങിൽ ‘ലഹരിവിരുദ്ധ കമാൻഡോ’കളായി പ്രഖ്യാപിച്ച് ബാഡ്ജുകൾ വിതരണം ചെയ്തു. പ്ലസ് ടു എൻ.എസ്.എസ് ലീഡർ മീര കൃഷ്ണ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ പ്രിൻസിപ്പൽ എ.കെ.ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ.അനിജ പോൾ, സീനിയർ അസിസ്റ്റന്റ് വി.ബിന്ദു, അധ്യാപകരായ പി.വി.സിന്ധു,കെ.ആർ. റീന,കെ.എസ്.ജയലക്ഷ്മി, എ.ശ്രീലേഖ,വി.കെ.അജികുമാർ,എൻ.എസ്.എസ് യൂണിറ്റ് ലീഡർ ഏബൽ തുടങ്ങിയവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ട് അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വാക്കത്തോണും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്ലക്കാർഡുകളും സന്ദേശങ്ങളുമേന്തി നടന്ന വാക്കത്തോ ണിൽ നൂറിലധികം വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു
