ആദ്യഘട്ട സെൻസസ് വേതനം ഓണത്തിന് മുൻപേ ലഭ്യമാക്കണം: കെഎസ്എസ്റ്റിഎഫ്
കൽപ്പറ്റ: ജൂലൈ മുപ്പത്തിയൊന്നിന് മുൻപ് തന്നെ ആദ്യഘട്ട സെൻസസ് വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ അധ്യാപകർക്കുമുള്ള വേതനം ഓണത്തിന് മുൻപേ വിതരണം ചെയ്യണമെന്ന് കേരള സ്‌റ്റേറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് നേതൃയോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ഒന്നാമതായി സെൻസസ് ആദ്യഘട്ടം പൂർത്തീകരിച്ചത് വയനാട് ജില്ലയായിരുന്നു. ഇത് വയനാട് ജില്ലയിലെ അധ്യാപകരുടെ കഠിന പരിശ്രമഫലമായിരുന്നു.ഈ വിജയത്തിൽ വയനാട് ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീ ഡി ആർ ഐഎഎസ് ആദ്യഘട്ട സെൻസസിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. അടുത്ത ഫെബ്രുവരി മാസത്തിൽ നടക്കുന്ന രണ്ടാം ഘട്ട സെൻസസ് ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർക്ക് പകരമായി ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ച് സ്‌കൂൾ പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ നേതൃത്വയോഗം കെ എസ് എസ് റ്റി എഫ് സംസ്ഥാന സെക്രട്ടറി ഷാജി അബ്രഹാം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്റ് റോണി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോബിൻ ജെ കരിമ്പാനിയിൽ, പ്രിൻസ് അബ്രഹാം, അഭിജിത് സേവ്യർ,ബിജി മാത്യു പി എന്നിവർ പ്രസംഗിച്ചു.
